7,500 കിലോയിൽ താഴെ ഭാരം വരുന്ന വാഹനങ്ങൾ ഓടിക്കാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് മതിയെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.
ലൈറ്റ് വെഹിക്കിൾ ലൈസൻസിൽ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടിയശേഷമാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. 7,500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കുമാത്രമേ അധികയോഗ്യത ആവശ്യമുള്ളൂ എന്ന് കോടതി വ്യക്തമാക്കി. എൽ. എം. വി. ലൈസൻസ് ഉടമകൾ ഭാരമേറിയ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണമാണെന്നു കാണിക്കുന്ന സംഭവങ്ങളൊന്നും കോടതിമുമ്പാകെ കൊണ്ടുവന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പി. എസ്. നരസിംഹ, ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ (എൽ. എം. വി.) ഡ്രൈവിങ് ലൈസൻസ് കൈവശമുള്ള ഒരാൾക്ക് ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഓടിക്കാൻ അർഹതയുണ്ടോ എന്ന വിഷയം പരിഗണിക്കുന്നതിനിടെയാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് ഈ നിർദേശം നൽകിയത്.