Sunday, November 24, 2024

സുരക്ഷാ സംവിധാനത്തില്‍ വിട്ടുവീഴ്ച്ച വേണ്ടിവന്നാല്‍ ഇന്ത്യ വിടും; കേന്ദ്രനിയമത്തിനെതിരെ വാട്‌സാപ്പ്

കോളുകള്‍ക്കും മെസേജുകള്‍ക്കും ഒരുക്കിയ സുരക്ഷാസംവിധാനമായ എന്‍ക്രിപ്ഷനില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാല്‍ ഇന്ത്യ വിടുമെന്ന് വാട്‌സാപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്‌സാപ്പ് നിലപാട് അറിയിച്ചത്. ഐ.ടി നിയമഭേദഗതിക്കെതിരെ വാട്‌സാപ്പും ഫേസ്ബുക്കും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മെസേജിങ് ആപ് നിലപാട് അറിയിച്ചത്.

മതിയായ കൂടിയാലോചനകളില്ലാതെയാണ് ഐ.ടി നിയമഭേദഗതി കൊണ്ടു വന്നതെന്ന് വാട്‌സാപ്പ് കോടതിയില്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് നിയമഭേദഗതിയെന്നും വാട്‌സാപ്പ് അറിയിച്ചു. ശക്തമായ സ്വകാര്യത സംവിധാനങ്ങള്‍ ഉള്ളതിനാലാണ് ഉപഭോക്താക്കള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതെന്ന് കമ്പനിക്ക് വേണ്ട് ഹാജരായ തേജസ് കാരിയ പറഞ്ഞു.

പുതിയ ഐ.ടി നിയമഭേദഗതി ആര്‍ട്ടിക്കള്‍ 14,19,21 എന്നിവയുടെ ലംഘനമാണെന്നും വാട്‌സാപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നില്ല. എന്തിനാണ് വാട്‌സാപ്പില്‍ ഏര്‍പ്പെടുത്തിയ അധിക സുരക്ഷാ സംവിധാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ വാട്‌സാപ്പിന്റെ ഹര്‍ജിയെ എതിര്‍ത്തു. ഐ.ടി നിയമഭേദഗതി കൊണ്ടുവന്നില്ലെങ്കില്‍ വ്യാജ സന്ദേശങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കോടതിയിലെ നിലപാട്. വ്യാജ സന്ദേശങ്ങള്‍ പലപ്പോഴും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തു.

 

Latest News