ഒരു കരാറിലെത്തണമെങ്കിൽ അമേരിക്ക ഭീഷണികളും നിർബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ചൈനയ്‌ക്കെതിരായ തീരുവ കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്തു നടത്തിയ പരാമർശത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പറഞ്ഞത്.
ഒരു കരാറിലെത്താൻ ശ്രമിച്ചപ്പോഴും യു എസ് അങ്ങേയറ്റത്തെ സമ്മർദം ചെലുത്തുന്നതു തുടരുകയാണെന്ന് മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ആരോപിച്ചു. ചൈനയെ നേരിടാനുള്ള ശരിയായ മാർഗമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
“ചൈനയുമായി ഇടപെടാനുള്ള ശരിയായ മാർഗമല്ല ഇത്; ഇതൊരു പ്രായോഗിക മാർഗവുമല്ല. അത്തരം തന്ത്രങ്ങൾ നല്ല ഫലങ്ങൾ നൽകാൻ സാധ്യതയില്ല” – ഗുവോ പറഞ്ഞു. യു എസ് – ചൈന ബന്ധങ്ങളിൽ അർഥവത്തായ പുരോഗതി പരസ്പരബഹുമാനത്തിൽ കെട്ടിപ്പടുക്കണമെന്ന് ഗുവോ എടുത്തുപറഞ്ഞു. “സമത്വത്തിന്റെയും പരസ്പരനേട്ടത്തിന്റെയും അടിസ്ഥാനത്തിൽ യു എസ് ചൈനയുമായി സംഭാഷണം നടത്തണം” എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, വാഷിംഗ്ടണിൽ നിന്ന് കൂടുതൽ ക്രിയാത്മകമായ സമീപനമാണ് ചൈന പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.