അനന്തപുരിയെ ആവേശം കൊള്ളിച്ച ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങുകൾ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ശിവൻകുട്ടി അധ്യക്ഷനാകുന്ന യോഗത്തിൽ പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദൻ മുഖ്യാതിഥിയാകും. മന്ത്രി കെ.രാജനാണ് ചടങ്ങിലെ മറ്റൊരു വിശിഷ്ടാതിഥി.
ഡിസംബർ ഒമ്പത് മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടന്ന രാജ്യാന്തര മേളയിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് പ്രദർശിപ്പിച്ചത്. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം 14 തിയേറ്ററുകളും ചലച്ചിത്ര മേളക്കായി ഒരുക്കിയിരുന്നു. ഇതിനൊടകം നിരവധി ചലച്ചിത്ര പ്രേമികളാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ തലസ്ഥാന നഗരിയിൽ ഒഴുകിയെത്തിയത്.
ചലച്ചിത്രമേളയുടെ സമാപന ദിനമായ ഇന്ന് ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും. സുവർണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്.എഫ്.എസ്.ഐ-കെ.ആർ.മോഹനൻ അവാർഡുകളും മികച്ച സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ തിയേറ്ററുകൾക്കുള്ള അവാർഡുകളും ഇന്ന് വിതരണം ചെയ്യും. മേള മികച്ച രീതിയിൽ റിപ്പോർട്ടു ചെയ്ത മാധ്യമങ്ങൾക്കുള്ള അവാർഡുകളും ചലച്ചിത്രനിരൂപണ മൽസരത്തിലെ വിജയിക്കുള്ള ക്യാഷ് അവാർഡും ചടങ്ങിൽ നൽകും. കൂടാതെ ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിൽ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ സമാപന ചടങ്ങിൽ പ്രകാശനം ചെയ്യും.