ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാനജേതാവുമായ മരിയോ വര്‍ഗാസ് യോസ എഴുത്ത് നിര്‍ത്തുന്നു. യോസയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ലെ ദേദിക്കോ മി സിലൻസിയോ’ (I Give You My Silence) ടെ ആദ്യ പോസ്റ്റ് സ്ക്രിപ്റ്റിലാണ് എഴുത്തുനിര്ത്തുന്ന കാര്യം അദ്ദേഹം അറിയിച്ചത്. 2010 -ലായിരുന്നു യോസെയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.
ഏഴു പതിറ്റാണ്ടു നീണ്ടുനിന്ന സാഹിത്യജീവിതത്തിനാണ് യോസെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ”ഈ പുസ്തകം പൂര്‍ത്തിയാക്കിയെന്ന് ഞാന്‍ കരുതുന്നു. എന്റെ അധ്യാപകനായിരുന്ന സാര്‍ത്രിനെക്കുറിച്ച് ഒരു ഉപന്യാസമെഴുതാന്‍ ആഗ്രഹിക്കുന്നു. അതായിരിക്കും ഞാന്‍ അവസാനമായി എഴുതുന്നത്’ -‘ യോസ പറഞ്ഞു. എൺപത്തിയേഴുകാരനായ യോസ, ലാറ്റിനമേരിക്കയുടെ ജീവിതയാഥാര്‍ഥ്യങ്ങള്‍ വ്യത്യസ്തമായ ആഖ്യാനശൈലിയില്‍ അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. ‘ദ ഗ്രീന്‍ ഹൗസ്’, ‘ദ ടൈം ഒഫ് ദ ഹീറോ’ എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രസിദ്ധിയിലേക്ക് കുതിച്ചുയര്‍ന്നു. ‘കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍’, ടവാര്‍ ഒഫ് ദ എന്‍ഡ് ഒഫ് ദ വേള്‍ഡ് തുടങ്ങിയ നോവലുകളിലൂടെ അന്താരാഷ്ട്രതലത്തിലും യോസെ അംഗീകാരം നേടി.
മാഡ്രിഡില്‍ താമസിക്കുന്ന പെറൂവിയന്‍, സ്പാനിഷ് ഇരട്ടപൗരത്വമുള്ള യോസ, എല്‍ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യരംഗത്തിലെ അവസാന അംഗമാണ്. എഴുത്തുകാരന്, രാഷ്ട്രീയപ്രവര്ത്തകന്, കോളേജ് അധ്യാപകന്, പത്രപ്രവര്ത്തകന് എന്നീ നിലകളിലും യോസ പ്രശസ്തനാണ്.