അനധികൃതമായി ജോലി ചെയ്തു വന്ന ഇന്ത്യക്കാരുള്‍പ്പടെ 60 പേര് അറസ്റ്റിലായതായി യു. കെ ഭരണകൂടം. കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികള്‍ യുകെ സര്‍ക്കാര്‍ കടുപ്പിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇന്ത്യക്കാരെ കൂടാതെ, അൾജീരിയൻ, ബ്രസീല്‍ പൗരന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ വിദേശ പൗരന്മാര് ഡെലിവറി, ഡ്രൈവർ ജോലികള്‍ ചെയ്തിരുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെലിവറൂ , ജസ്റ്റ് ഈറ്റ്, യൂബർ ഈറ്റ്സ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായവര്‍. നിയമവിരുദ്ധമായി ജോലി ചെയ്തതിനും തെറ്റായ രേഖകൾ കൈവശം വച്ചതിനുമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് യുകെ ഹോം ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. യുകെയിലേക്ക് അനധികൃതമായി കുടിയേറുന്നവരെ പാര്‍പ്പിക്കുന്നതിന് ചെലവേറുന്ന സാഹചര്യത്തിലാണ് നടപടികള്‍.
അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നിയമങ്ങള്‍ ഋഷി സുനക് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
അതേസമയം, അറസ്റ്റിലായവരിൽ 44 പേരെ യുകെയിൽ നിന്ന് നീക്കം ചെയ്യുന്നതുവരെ ഹോം ഓഫീസ് തടഞ്ഞുവക്കും. ബാക്കി 16 പേരെ ഇമിഗ്രേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പ്രസ്താവനയില്‍ അറിയിച്ചു. ക്രിമിനൽ പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആയുധങ്ങളും പണവും പിടിച്ചെടുക്കുന്നതിലേക്കും ഓപ്പറേഷൻ നയിച്ചു. 4,500 പൗണ്ടിലധികം പണം ക്രൈം ആക്ട് പ്രകാരം പിടിച്ചെടുത്തതായി ആഭ്യന്തര വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.