Saturday, November 23, 2024

ഇല്ല്യുമിനാറ്റി മോഡൽ ഗാനങ്ങൾ ക്രൈസ്തവസംസ്കാരത്തെ തകർക്കുന്നു

ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ദൈവഭക്തിയെയും, പലപ്പോഴും ദൈവത്തിന്റെ പരമാധികാരത്തെയും അവഗണിക്കുകയും ദൈവത്തിന്റെ നാമം വ്യർഥമായി ഉപയോഗിക്കുന്ന ഗാനങ്ങളും സംഭാഷണങ്ങളും ചേർത്തുള്ള ചില സിനിമകൾ ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കുന്നതിനു കാരണമാകുന്നു. അത്തരമൊരു ഗാനമാണ് ‘ബോഗയ്ൻവില്ല’യിലെ പ്രൊമോ ഗാനം ‘സ്തുതി’ എന്നപേരിൽ ഇറങ്ങിയിരിക്കുന്നത്.

‘ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി’ എന്ന ഗാനം ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു. നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്നതോ, പ്രഥമദൃഷ്ട്യാ നന്മയായി പരിഗണിക്കപ്പെടാവുന്നതോ ആയ രൂപത്തിലാണ് ഇല്ല്യുമിനാറ്റി അവരുടെ ആശയങ്ങൾ അവതരിപ്പിക്കുന്നത്. നന്മയുടെ മൂടുപടമണിഞ്ഞും ഇല്ല്യുമിനാറ്റിയുടെ ആശയങ്ങൾ സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇല്ല്യുമിനാറ്റി എന്ന സംഘടനതന്നെ ഇന്ന് അറിയപ്പെടുന്നത് അന്ധവിശ്വാസത്തിന്റെയും സാത്താൻസേവയുടെയും മൊത്തവ്യാപാരികളായാണ്. ക്രൈസ്‌തവസഭയെ പൊതുസമൂഹത്തിൽ തകർക്കുകയാണ് ഇല്ല്യുമിനാറ്റി സംഘത്തിന്റെ ലക്ഷ്യം.

കേരളസമൂഹത്തിലെ സിനിമാ – സംസ്കാരികലോകത്തിൽ ക്രൈസ്തവവിശ്വാസത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ബലക്ഷയത്തിൽ കടുത്ത ആശങ്ക പങ്കുവയ്ക്കുന്നു. സ്തുതി പോലെയുള്ള ഗാനങ്ങൾ ഗാനസിദ്ധാന്തങ്ങളിലെ ഏതെങ്കിലും നല്ല മൂല്യാംശങ്ങളെ പിന്തുടർന്ന് അവ മാനവികതയ്ക്ക് എതെങ്കിലും ഒരു സംഭാവന നൽകുന്നുണ്ടോ എന്നു ചിന്തിക്കണം. ഇപ്പോൾ പുറത്തുവരുന്ന ഭൂരിഭാഗം സിനിമകളിലും ഇല്ല്യുമിനാറ്റി ഗാനങ്ങൾ തന്നെയാണ് വരുന്നത്. ഇത്തരം ഇല്ല്യുമിനാറ്റി ഗാനങ്ങൾ ക്രൈസ്തവവിശ്വാസത്തെ മലിനീകരിക്കുന്നു.

ബോഗയ്ൻവില്ലയിലെ പ്രൊമോ ഗാനവും ഇല്ല്യുമിനാറ്റി ശ്രേണിയിലാണ്. ദൈവനിഷേധത്തിന്റെ പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കുകയും പിശാചിന്റെ ഇംഗിതം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരായ ഒരുകൂട്ടം ഇല്ല്യുമിനാറ്റി സംഘംതന്നെ കൈകോർത്തുകൊണ്ടാണ് സിനിമകളിലൂടെ ക്രൈസ്തവവിശ്വാസത്തെ തകർക്കുന്നത്.

ക്രൈസ്തവവിശ്വാസം പലപ്പോഴും സിനിമകളിൽ നിസാരമാക്കപ്പെടുന്നു എന്നതാണ് വസ്തുത. പല സിനിമാ സംവിധായകരും തങ്ങളുടെ രചനകളിൽ തിന്മ നിറഞ്ഞ ഒരു ക്രിസ്ത്യൻ അന്തരീക്ഷം ബോധപൂർവം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. മൂല്യനിരാസവും സാംസ്കാരികഹിംസയുമാണ് ഇത്തരം സിനിമകളിൽ സംഭവിക്കുന്നത്.

എന്തുകൊണ്ട് സിനിമകളിൽ ക്രൈസ്തവപശ്ചാത്തലത്തിലുള്ള ഉദ്ധരണികളും പ്രതീകങ്ങളും ഉപയോഗിക്കപ്പെടുന്നു. ഒന്നുകിൽ ബോധപൂർവമായ ശ്രമം അല്ലെങ്കിൽ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ശ്രമം. മൂന്നാമതൊരു സാധ്യത അറിവില്ലായ്മയാകാം.

ദൈവത്തിന്റെ പരിശുദ്ധമായ പേര് വൃഥാ ഉപയോഗിക്കരുതെന്ന കല്പന വളരെ ലളിതമെന്നു തോന്നുമെങ്കിലും ഇതിന്റെ ആഴങ്ങളിലേക്കു കടന്നുചെല്ലുമ്പോൾ മാത്രമേ അങ്ങനെയല്ലെന്ന തിരിച്ചറിവ് നമുക്ക് ലഭിക്കുകയുള്ളൂ. ദൈവനാമം ചേർത്ത്‌ ശാപവാക്കുകൾ പറയുന്നത്‌ ദൈവദൂഷണവും കർത്താവിനോട് ബഹുമാനരാഹിത്യം പ്രകടിപ്പിക്കുന്നതുമാണെന്നാണ് ക്രൈസ്തവവിശ്വാസം. ദൈവികനാമത്തിന്റെ മന്ത്രികമായ ഉപയോഗം രണ്ടാം പ്രമാണം നിരോധിക്കുന്നു. ദൈവനാമത്തിന്റെ അനുചിതമായ ഏത്‌ ഉപയോഗത്തെയും രണ്ടാം പ്രമാണം വിലക്കുന്നു.

ബോഗയ്ൻവില്ല എന്ന സിനിമ ഹിറ്റോ, സൂപ്പർ ഹിറ്റോ ആയിക്കോട്ടെ. സ്തുതി എന്ന ഗാനം വൈറൽ ആയിക്കോട്ടെ. എന്നാൽ, ക്രൈസ്തവപ്രതീകങ്ങളെ, വചനങ്ങളെ ഉപയോഗിച്ച്, കലാപരമായ കാര്യങ്ങൾക്കുവേണ്ടി ക്രൈസ്തവമതവിശ്വാസത്തെ മുറിപ്പെടുത്താനോ, ക്രൈസ്തവ മതബിംബങ്ങളെ തച്ചുടയ്ക്കാനോ കലാകാരന്മാർ ശ്രമിക്കരുത്. ഓരോരുത്തർക്കും അവരവരുടെ മതവും വിശ്വാസവും ദൈവവും പ്രധാനപ്പെട്ടതാണ്. അതിനെ ആദരിക്കുകയും അവയോട് ആദരപൂർവമായ അകലം പാലിക്കുന്നതുമായിരിക്കണം സിനിമാ – കലാ – സാംസ്കാരികപ്രവർത്തനങ്ങൾ.

ടോണി ചിറ്റിലപ്പള്ളി

Latest News