Monday, November 25, 2024

‘ഞാന്‍ തിരിച്ചെത്തി!’: ഡോണാള്‍ഡ് ട്രംപിന്‍റെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച് യൂട്യൂബും, ഫേസ്ബുക്കും

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപിന്‍റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. 2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ട്രംപ് അനുയായികള്‍ രാജ്യവ്യാപകമായി ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചതിനു പിന്നാലെ ‘ഞാന്‍ തിരിച്ചെത്തി!’ എന്ന തലക്കെട്ടോടെയുള്ളതാണ് ഫേസ്ബുക്കിലേയും യൂട്യൂബിലേയും ട്രംപിന്‍റെ ആദ്യ പോസ്റ്റ്. 2016-ല്‍ ഹിലരി ക്ലിന്റണിനെതിരായ മത്സരത്തില്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായുളള വീഡിയോയും അതിന്റെ അവസാനം ‘ട്രംപ് 2024’ എന്നും കാണിച്ച് അവസാനിക്കുന്ന വീഡിയോയും പേജില്‍ പങ്കുവച്ചിട്ടുണ്ട്.

2022 അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ട്രംപ് പരാജയം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നാലെ 2021 ജനുവരി 6 ന് ട്രംപ് അനുയായികള്‍ സര്‍ക്കാരിനെതിരെ ആക്രമണം നടത്തുകയായിരുന്നു. യുഎസ് ക്യാപിറ്റലിലേക്ക് ട്രംപ് അനുയായികള്‍ ഇരച്ചുകയറി പ്രതിഷേധിച്ചതും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതേ തുടര്‍ന്നാണ് ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഈ വര്‍ഷം ആദ്യം ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു. നവംബറില്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതുവരെ ട്വിറ്ററില്‍ പോസ്റ്റുകളൊന്നും ഇട്ടിട്ടില്ല.

Latest News