റഷ്യന്‍ അധിനിവേശം കാരണം പ്രയാസം അനുഭവിക്കുന്ന യുക്രെയ്‌ന് 1560 കോടി ഡോളര്‍ സഹായം നല്‍കുന്ന പാക്കേജിന് ഐഎംഎഫ് അംഗീകാരം നല്‍കി. കടാശ്വാസം, സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകളും സഹായവും എന്നിവ ഉള്‍പ്പെടുന്ന 11,500 കോടി ഡോളറിന്റെ മൊത്തത്തിലുള്ള പാക്കേജിന്റെ ഭാഗമായാണ് 1560 കോടി സഹായം നല്‍കുന്നതെന്ന് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീത ഗോപിനാഥ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഇതില്‍ 270 കോടി ഡോളര്‍ ഉടന്‍ നല്‍കും. ബാക്കി നാലു വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കും. യുദ്ധാനന്തര പുനര്‍നിര്‍മാണത്തിനും സുസ്ഥിര വളര്‍ച്ചക്കും യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തിലേക്കുള്ള പാത സുഗമമാക്കുന്ന ഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്കുമാണ് ഐഎംഎഫ് സഹായം വിനിയോഗിക്കുക. യുദ്ധം 2025 വരെ തുടരുകയാണെങ്കില്‍ യുക്രെയ്‌നിന്റെ സാമ്പത്തിക ആവശ്യം 11,500 കോടി ഡോളറില്‍നിന്ന് 14,000 കോടി ഡോളറായി ഉയരുമെന്ന് ഗീത ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.