ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെതിരെ കലാപത്തിന് കുറ്റം ചുമത്തി. ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്ത് ഒരു സിറ്റിംഗ് പ്രസിഡന്റ് കുറ്റക്കാരനായി വിധിക്കപ്പെടുന്നത്. ഡിസംബറിൽ പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള യൂണിന്റെ ശ്രമത്തിൽനിന്നാണ് ഈ കുറ്റകൃത്യം ഉയർന്നത്. ഇത് വ്യാപകമായ രോഷത്തിനും ജനാധിപത്യ പ്രക്രിയയ്‌ക്കെതിരായ അട്ടിമറി ആരോപണത്തിനും കാരണമായി. സിയോളിലെ ഒരു കോടതി യൂണിന്റെ തടങ്കൽ നീട്ടാനുള്ള അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് കുറ്റപത്രം നൽകിയത്.
സൈനികഭരണം അടിച്ചേൽപിക്കാനുള്ള യൂണിന്റെ ശ്രമം രാജ്യത്തെ അഭൂതപൂർവമായ രാഷ്ട്രീയപ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഇത് രാജ്യത്തെ ധ്രുവീകരിക്കുകയും ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തു. യൂണിനെ പ്രസിഡന്റായി ഔദ്യോഗികമായി പിരിച്ചുവിടണോ അതോ അദ്ദേഹത്തെ പുനഃസ്ഥാപിക്കണോ എന്നതിനെക്കുറിച്ച് നിലവിൽ ഭരണഘടനാകോടതി ചർച്ച ചെയ്യുന്നു. ക്രിമിനൽ അന്വേഷണവുമായി സഹകരിക്കാൻ വലിയ തോതിൽ വിസമ്മതിച്ച യൂൻ, തന്റെ മുൻ പ്രതിരോധമന്ത്രിക്കും മുതിർന്ന സൈനിക കമാൻഡർമാർക്കുമൊപ്പം വിചാരണ നേരിടേണ്ടിവരും.
ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന ‘രാജ്യവിരുദ്ധ’ ശക്തികളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഡിസംബർ മൂന്നിന് സൈനികനിയമം നടപ്പിലാക്കാനുള്ള തന്റെ പദ്ധതി യൂൺ പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. എന്നിരുന്നാലും, ഈ നീക്കം പ്രതിപക്ഷത്തിന്റെ അതിവേഗ ചെറുത്തുനിൽപിനെ നേരിട്ടു. ഇത്, ജനങ്ങളോട് പ്രതിഷേധിക്കാനും നിയമനിർമാതാക്കളോട് ഓർഡർ റദ്ദാക്കാൻ വോട്ടുചെയ്യാനും അഭ്യർഥിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ, പ്രഖ്യാപനം തടയാൻ 190 നിയമനിർമാതാക്കൾ ഏകകണ്ഠമായി വോട്ട് ചെയ്തു. തുടർന്ന് യൂണിനെ ഇംപീച്ച് ചെയ്യുകയും ഡിസംബർ 14 ന് അദ്ദേഹത്തെ ചുമതലകളിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.