Friday, January 31, 2025

ഹെയ്തിയിൽ മദർ തെരേസാ സിസ്റ്റേഴ്സിന്റെ മഠവും ആശുപത്രിയും ആക്രമിക്കപ്പെട്ടു

ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രെൻസിൽ ഉപവിയുടെ സഹോദരിമാർ നടത്തിവന്നിരുന്ന ആശുപത്രിയും മഠവും ആക്രമിക്കപ്പെട്ടു. ഒക്ടോബർ 26 ശനിയാഴ്ച, രാത്രിയിൽ ഒരു സംഘം അക്രമികൾ അവിടുത്തെ വസ്തുവകകൾ കവർച്ച ചെയ്തതിനുശേഷം ഇരുസ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയായിരുന്നു. ഹെയ്തിയിൽ വി. മദർ തെരേസ 1979 ൽ തുറന്ന ഈ സന്യാസഭവനം ഏകദേശം മുപ്പതിനായിരത്തോളം ആളുകൾക്ക് ശുശ്രൂഷ നൽകിയിരുന്നു.

ഈ പ്രദേശത്ത് വർധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ സെപ്റ്റംബറിൽ പോർട്ട്-ഓ-പ്രെൻസിൽ മഠവും ആശുപത്രിയും നിലനിന്നിരുന്ന ഇടത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും ഉപവിയുടെ സഹോദരിമാർ കഴിഞ്ഞ 47 വർഷങ്ങളായി ഇവിടെ നൽകിവന്നിരുന്ന സേവനങ്ങൾ അവസാനിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച വൈകുന്നേരം മഠവും ആശുപത്രിയും ആക്രമിച്ച അക്രമിസംഘം, രണ്ടിടങ്ങളിലും നിന്നുള്ള ബഞ്ചുകളും കിടക്കകളും മെഡിക്കൽ ഉപകരണങ്ങളും എടുത്തുകൊണ്ടുപോയി. ഇവയിൽ ചിലത് പോർട്ട്-ഓ-പ്രെൻസിലുള്ള കരിഞ്ചന്തകളിൽ വിൽപനയ്‌ക്കെത്തിയിട്ടുണ്ട്.

രാജ്യത്ത് വർഷംതോറും ആയിരത്തിലധികം ആളുകൾക്ക് അഭയവും മുപ്പതിനായിരത്തിലധികം ആളുകൾക്ക് ചികിത്സയുൾപ്പെടെയുള്ള സേവനങ്ങളും നൽകിവരുന്ന ഉപവിയുടെ സഹോദരിമാർക്കുനേരെയുള്ള ആദ്യത്തെ ആക്രമണമാണിത്. തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽനിന്ന് മൃതപ്രായരായി ഉപേക്ഷിക്കപ്പെടുന്ന രോഗികൾക്ക് ഭക്ഷണവും ചികിത്സയും മറ്റു ശുശ്രൂഷകളും നൽകുകയെന്ന ലക്ഷ്യത്തോടെ 1979 ൽ വി. മദർ തെരേസ തന്നെയാണ് ഉപവിയുടെ സഹോദരിമാരുടെ ഈ മഠം തുറന്നത്.

നിരവധി സായുധസംഘർഷങ്ങൾ നിലനിൽക്കുന്ന ഹെയ്തിയിൽ ഉപവിയുടെ സഹോദരിമാർക്കുനേരെയുണ്ടായ ഈ ആക്രമണത്തോടെ രോഗികൾക്കും പാവപ്പെട്ടവർക്കുമായി സൗജന്യ സന്നദ്ധസേവനം നടത്തിവന്നിരുന്ന ഈ സന്യാസിനിമാരും അവരുടെ സേവനം ലഭിച്ചിരുന്നവരും കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

Latest News