ജപ്പാനിൽ ഇനി സൈക്കിളിൽ സവാരി ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആറുമാസം വരെ തടവുശിക്ഷ ലഭിക്കും. നവംബർ ഒന്നിന് പുതുക്കിയ ഗതാഗതനിയമം ലംഘിക്കുന്നവർക്ക് പരമാവധി ആറുമാസം തടവോ, 1,00,000 യെൻ ($655; £508) പിഴയോ ശിക്ഷയായി ലഭിക്കും.
കോവിഡ് സമയത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നതിനുപകരം കൂടുതൽ ആളുകൾ സൈക്കിൾ തെരഞ്ഞെടുത്തതിനാൽ 2021 ൽ സൈക്ലിസ്റ്റുകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണം വർധിച്ചുതുടങ്ങിയതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റൈഡർമാരെ നിയന്ത്രിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ അധികാരികൾ.
ഫോൺ ഉപയോഗം തടയുന്നതിനു പുറമെ, മദ്യപിച്ച് സൈക്കിൾ ഓടിക്കുന്നവരെയും പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നു. ഇത്തരക്കാർക്ക് മൂന്നുവർഷം വരെ തടവോ, 5,00,000 യെൻ ($ 3,278; £ 2,541) പിഴയോ ലഭിക്കും.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽവന്ന് മണിക്കൂറുകൾക്കുശേഷം മദ്യപിച്ച് സൈക്കിളോടിച്ച രണ്ടുപേർ ഉൾപ്പെടെ അഞ്ച് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഒസാക്ക അധികൃതർ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇവരിൽ ഒരാൾ മറ്റൊരു സൈക്കിൾ യാത്രക്കാരനുമായി കൂട്ടിയിടിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
2024 ന്റെ ആദ്യപകുതിയിൽ സൈക്കിൾ യാത്രക്കാർ ഫോൺ ഉപയോഗിച്ചുള്ള അപകടങ്ങളിൽ ഒരു മരണവും ഗുരുതരമായ 17 പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2007 ൽ പൊലീസ് അത്തരം സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.
2018 നും 2022 നുമിടയിൽ സൈക്കിൾ യാത്രക്കാർ ഫോൺ ഉപയോഗിച്ചതുമൂലം 454 അപകടങ്ങൾ ഉണ്ടായതായി പൊലീസ് പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ കാലയളവിനെ അപേക്ഷിച്ച് 50% വർധനവാണ് ഉണ്ടായിട്ടുള്ളത്.