ഒരു പതിറ്റാണ്ട് മുമ്പ് വരെ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന നിയമമുണ്ടായിരുന്ന രാജ്യമായിരുന്നു സൗദി അറേബ്യ. അവിടെയാണ് യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ മാറ്റി മറിച്ചുകൊണ്ട് സൈക്കഡലിക് റോക്ക് ബാന്‍ഡ് ജാം ഷോ നടന്നത്. അതും സ്ത്രീകള്‍ മാത്രമായി അവതരിപ്പിച്ച ഷോ.
ഇലക്ട്രിക് ഗിറ്റാറുകളും ഡ്രംസുകളും ഉപയോഗിച്ച് സൈക്കഡലിക് റോക്ക് സംഗീതം കാണികളെ ആകര്‍ഷിച്ചു. ഓസ്ട്രേലിയന്‍ മള്‍ട്ടി ഇന്‍സ്ട്രുമെന്റലിസ്റ്റ് കെവിന്‍ പാര്‍ക്കറുടെ സൈക്കഡെലിക് സംഗീത പദ്ധതിയായ ടേം ഇംപാലയും പരമ്പരാഗത അറേബ്യന്‍ മെലഡിയും കൂട്ടിയിണക്കിയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സീറ ബാന്‍ഡ് അവതരിപ്പിച്ചത്. വളരെ യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളുള്ള രാജ്യമായ സൗദിയില്‍ സീറ നടത്തുന്ന ചുവടുവെപ്പ് വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. സ്ത്രീകള്‍ അവരുടെ നിലപാടുകള്‍ ഉറച്ച ശബ്ദത്തില്‍ കലകളിലൂടെ ലിംഗഭേദങ്ങളെ ഇല്ലാക്കുകയാണ് സീറയിലൂടെ.
ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും എല്ലാ അംഗങ്ങളേയും അവരവരുടെ പേരുകളില്‍ തന്നെയാണ് അവതരിപ്പിച്ചതെന്നും ബാന്‍ഡിലെ അംഗം മീഷ് പറഞ്ഞു. എന്നാല്‍ അതിശയിപ്പിച്ചുകൊണ്ട് ഇരുകരങ്ങളും നീട്ടി തങ്ങളെ ആളുകള്‍ സ്വീകരിച്ചുവെന്നും അവര്‍ പറഞ്ഞു. അറബിയില്‍ ജീവിതം എന്ന അര്‍ഥമാണ് സീറ എന്ന വാക്കിനുള്ളത്.
എന്നാല്‍ സൗദിയിലെ ആദ്യത്തെ വനിതാ ബാന്‍ഡ് തങ്ങളല്ലെന്ന് സീറ തന്നെ പറയുന്നു. 2008 ല്‍ രൂപീകൃതമായ ദ അക്കലേഡിക്കാണ് ആദ്യ വനിതാ ബാന്‍ഡ്. സല്‍മാന്‍ രാജാവിന്റേയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റേയും സ്ഥാനാരോഹണത്തിന് ശേഷം സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം, സിനിമാ തിയേറ്ററുകളും മറ്റ് വിനോദ കേന്ദ്രങ്ങളും തുറന്നതുള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ സൗദിയില്‍ വന്നു.
സീറ ഈ വര്‍ഷം അവസാനം അവരുടെ ആദ്യ ആല്‍ബം പുറത്തിറക്കാനാണ് ആലോചിക്കുന്നത്. ദുബായില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.