Monday, November 25, 2024

സുരക്ഷിതമല്ലാത്ത സിറിയൻ ക്യാമ്പുകളിൽ കഴിയുന്നത് ഏഴായിരത്തോളം കുട്ടികൾ

സിറിയയുടെ കിഴക്കൻ പ്രദേശങ്ങളിലെ ക്യാമ്പുകളിൽ ഏകദേശം ഏഴായിരത്തോളം കുട്ടികൾ കുടുങ്ങിക്കിടക്കുന്നു എന്ന് വെളിപ്പെടുത്തി സേവ് ദി ചിൽഡ്രൻ സംഘടന. ഡിസംബർ ഇരുപത്തിയൊന്നിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ആണ് സംഘടന ഈ വിഷയം ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അൽ ഹോൾ, റോജ് ക്യാമ്പുകളിൽനിന്ന് 2021-നെ അപേക്ഷിച്ച് ഏതാണ്ട് അറുപതു ശതമാനത്തോളം സ്ത്രീകളെയും കുട്ടികളെയും തിരികെ അയക്കാൻ സാധിച്ചിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

2019 മുതൽ ആകെ 1,464 സ്ത്രീകളെയും കുട്ടികളെയുമാണ് സ്വദേശങ്ങളിലേക്ക് തിരികെ അയക്കാൻ സാധിച്ചത്. വീടുകളിലേക്ക് തിരികെ അയക്കാൻ സാധിച്ച ആളുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ സ്വാഗതം ചെയ്യുമ്പോഴും, കുട്ടികളെ സ്വദേശങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ വർദ്ധിപ്പിക്കുമെന്നു സംഘടന പ്രതീക്ഷിക്കുന്നുവെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈ വർഷം മാത്രം നിലവിൽ 517 സ്ത്രീകളെയും കുട്ടികളെയും തിരികെ സ്വഭവനങ്ങളിലേക്കയക്കാൻ സേവ് ദി ചിൽഡ്രൻ സംഘടനയ്ക്കായിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏഴായിരത്തിലധികം കുട്ടികളെയാണ് ഐസിസിന്റെ പതനത്തിനു ശേഷം സിറിയയുടെ വടക്കുകിഴക്കൻ പ്രദേശത്ത് താമസിപ്പിച്ചിരിക്കുന്നത്.

“നിരാശാജനകമായ അവസ്ഥയിലാണ് ഈ കുട്ടികൾ കഴിയുന്നത്. വിദേശരാജ്യങ്ങളിലെ സർക്കാരുകളുടെ മെല്ലെപ്പോക്ക് മൂലം പല കുട്ടികളും ക്യാമ്പുകളിൽനിന്ന് പോകുന്നതിന് വർഷങ്ങളെടുക്കുന്നു.”- സേവ് ദി ചിൽഡ്രൻറെ സിറിയയിലെ പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കുന്ന മാറ്റ് സുഗ്രൂ പ്രസ്താവിച്ചു.

Latest News