വാഗമണ്ണിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് ഇന്ന് (സെപ്റ്റംബര്‍ 6) നാടിനു സമര്‍പ്പിക്കും. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് വൈകിട്ട് അഞ്ചിനാണ് ഗ്ലാസ് ബ്രിഡ്ജ് നാടിനു സമര്‍പ്പിക്കുന്നത്. ഇതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് വാഗമണ്ണില്‍ അവസരമൊരുങ്ങുന്നത്.
ഇന്ത്യയിലെതന്നെ ഏറ്റവും നീളംകൂടിയ ചില്ലുപാലമാണ് വാഗമണ്ണിലേത്. 120 അടി നീളമുള്ള ചില്ലുപാലത്തില്‍ 15 പേർക്ക് കയറാനും അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ പാലത്തില്‍ നില്‍ക്കാനും അനുമതിയുണ്ട്. പ്രായഭേദെമന്യേ 500 രൂപ നിരക്കിലാണ് പ്രവേശനം. സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിലൂടെയുള്ള നടത്തം ഇടുക്കിയിലെയും വാഗമണ്ണിലെയും ടൂറിസംമേഖലയുടെ വികസനത്തിലേക്കുള്ള നടന്നുകയറ്റംകൂടിയാണ്. പാലത്തില്‍ നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾവരെ കാണാൻ സാധിക്കും.
സ്വകാര്യ സംരംഭകരുമായി ചേർന്ന് ടൂറിസംകേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാത വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. പാലത്തില്‍ കയറുന്നതിനുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് ആകാശ ഊഞ്ഞാല്, സ്കൈ സൈക്ലിങ്, സ്കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈന്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടനചടങ്ങുകളില്‍ ടൂറിസം മന്ത്രിക്കുപുറമെ വാഴൂർ സോമൻ എം.എൽ.എയും ഡീൻ കുര്യാക്കോസ് എം.പിയും പങ്കെടുക്കും.