പുതിയ പാർലമെന്റ് മന്ദിരം മേയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മോദി സർക്കാരിന്റെ വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തുന്നത്. ലോക്സഭാ സ്പീക്കർ ഓംബിർള പ്രധാനമന്ത്രിയെ ഔദ്യോഗികമായി ഉദ്ഘാടനത്തിനായി ക്ഷണിച്ചു.
1,200 എംപിമാരെ ഉൾക്കൊള്ളാനുള്ള സൗകര്യമുള്ള മന്ദിരം 970 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ്. 65,000 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീർണം. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ പാർലമെന്റ് മന്ദിരം ഒരുക്കിയിരിക്കുന്നത്. ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ഇപ്പോഴുള്ള പാർലമെന്റ് മന്ദിരത്തേക്കാൾ 17,000 ചതുരശ്ര മീറ്റർ വലുതാണ് പുതിയ പാർലമെന്റ്. 888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫീസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി, വിപുലമായ പാർക്കിങ് സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം.