Thursday, April 10, 2025

ഗാര്‍ഹിക വൈദ്യുതി നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി; നിരക്കു വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാന വൈദ്യുതി ബോര്‍ഡ്. ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് ശരാശരി എഴുപതു പൈസ കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സിംഗിള്‍ ഫെയ്‌സും ത്രീഫെയ്‌സും ഉള്‍പ്പെടെ എല്ലാ ഗാര്‍ഹിക ഉപയോക്താക്കളുടെയും ഫിക്‌സഡ് ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്നും റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനാഭിപ്രായം കൂടി തേടിയ ശേഷം റഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കും.

2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 2026-27 വരെയുള്ള നിരക്ക് വര്‍ധനയാണ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചത്. വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതിയും ഉപഭോക്താക്കളുടെ അഭിപ്രായവും കണക്കിലെടുത്ത ശേഷം, എത്ര രൂപ കൂട്ടണമെന്ന് തീരുമാനിക്കുന്നത് കമ്മീഷനാണ്. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അടുത്ത വര്‍ഷം നിരക്ക് വര്‍ധന ആവശ്യപ്പെട്ടിട്ടില്ല. തൊട്ടടുത്ത വര്‍ഷം അവര്‍ക്കും വര്‍ധനയുണ്ട്. 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

വൈദ്യുതി നിരക്ക് വര്‍ധന അത്യാവശ്യമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു. നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണം. കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. 5 പദ്ധതികല്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ താല്‍ക്കാലമില്ലെന്നും മന്ത്രി പറഞ്ഞു.

2022-23ല്‍ കെ.എസ്.ഇ.ബി. പ്രതീക്ഷിക്കുന്ന നഷ്ടം 2809 കോടി രൂപയാണ്. നിരക്കുവര്‍ധനയിലൂടെ 2277.52 കോടിയേ കിട്ടൂ എന്നാണ് കണക്കാക്കുന്നത്. അഞ്ചുവര്‍ഷത്തില്‍ വീടിനും കൃഷിക്കും നിരക്ക് ക്രമമായി കൂട്ടണമെന്നും വ്യവസായങ്ങള്‍ക്ക് ക്രമമായി കുറയ്ക്കണമെന്നുമാണ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്ന നയം. ഇത് ആദ്യമായിട്ടാണ് ഒറ്റ സാമ്പത്തിക വര്ഷത്തില്‍ തന്നെ ഇത്രയും വലിയ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം കെഎസ്ഇബി മുന്നോട്ടുവയ്ക്കുന്നത്. കെഎസ്ഇബി ശിപാര്‍ശ ചെയ്ത വൈദ്യുതി നിരക്ക് വര്‍ധന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ ഷോക്കാകുമെന്ന് ഉറപ്പാണ്.

 

 

 

Latest News