Sunday, November 24, 2024

രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വർദ്ധനവ്; പുതിയ റിപ്പോർട്ട് പുറത്ത്

രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവ മൂലമുള്ള കൊലപാതകങ്ങളെക്കുറിച്ചുള്ള ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ. സി. ആർ. ബി.) പുതിയ വിശകലന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 2017-നും 2022-നുമിടയിൽ 1,551 ബലാത്സംഗ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഈ പഠനം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും കൂടുതൽ ബലാത്സംഗ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2018-ലായിരുന്നു. ഈ വർഷം 294 ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കുറവ് 2020-ലും. ആറുവർഷത്തെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകൾപ്രകാരം യു. പി. യിലാണ് ഏറ്റവും കൂടുതൽ ബലാത്സംഗ കൊലപാതകങ്ങൾ അരങ്ങേറിയിരിക്കുന്നത്; 280 എണ്ണം. മധ്യപ്രദേശ് (207), അസം (205), മഹാരാഷ്ട്ര (155), കർണാടക (79) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ബലാത്സംഗക്കൊലക്കേസുകളുടെ വിവരങ്ങൾ.

ഈ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കണക്കുകൾപ്രകാരം 2017-2022 കാലയളവിൽ ഓരോ ആഴ്ചയും ശരാശരി അഞ്ച് ബലാത്സംഗക്കൊലപാതകങ്ങൾ നടക്കുന്നു. 2017 മുതലാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ബലാത്സംഗത്തിനുശേഷമുള്ള കൊലപാതകങ്ങളുടെ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയത്. ഇത്തരം കേസുകളിൽ പലപ്പോഴും പ്രതികൾക്ക് ശരിയായ ശിക്ഷ ലഭിക്കുന്നുമില്ല എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വിചാരണ പൂർത്തിയായ 308 കേസുകളിൽ 200 എണ്ണത്തിൽ (65%) മാത്രമാണ് ശിക്ഷവിധി ഉണ്ടായത്. ആറു ശതമാനം കേസുകളിൽ കുറ്റപത്രം തള്ളുകയായിരുന്നു. 28% കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

Latest News