കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദേശത്ത് താമസിക്കുമ്പോൾ എനിക്ക് കോവിഡ് ഉണ്ടായിട്ടില്ല, പക്ഷേ തിരികെ വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എനിക്ക് കോവിഡ് പിടിച്ചത്. എനിക്കറിയാവുന്ന എല്ലാവർക്കും കോവിഡ് ബാധിക്കുകയും പനി പിടിപെടുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ ചൈനയ്ക്കു പുറത്താണ് താമസിക്കുന്നതെങ്കിൽ ഉടനെ തിരികെ വരരുത്”- ചൈനയിലെ സാമൂഹ്യ മാധ്യമമായ സിയാവോങ്ഷുവിൽ ഒരു ചൈനീസ് പൗരൻ കുറിച്ചിരിക്കുകയാണ്. ഈ വാക്കുകൾ ചൈനയെ എത്രത്തോളം കോവിഡ് പ്രതിസന്ധിയിൽ ആഴ്ത്തുന്നുണ്ടെന്നും വലയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ച മുൻപ് വരെ കോവിഡ് വിജയകരമായി പിടിച്ചടക്കി എന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വാദിച്ച ചൈനയുടെ അവസ്ഥയാണ് ഇത്. ജന പ്രക്ഷോഭത്തെ തുടർന്ന് അതുവരെ ചൈന പുലർത്തിയിരുന്ന സീറോ കോവിഡ് നയപ്രകാരം ഉള്ള നിയന്ത്രണങ്ങൾ നീക്കുമ്പോൾ ആവശ്യമായ മുൻകരുതലോ നിർദ്ദേശങ്ങളോ സർക്കാർ നൽകിയിരുന്നില്ല. അതിന്റെ പ്രത്യാഘാതമാണ് വർദ്ധിക്കുന്ന കോവിഡ് രോഗികളും നിറഞ്ഞ ആശുപത്രികളും.
നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ പല കമ്പനികളും ജോലിക്കാരെ തിരികെ ഓഫീസിലേയ്ക്ക് വിളിച്ചു തുടങ്ങി. ലക്ഷണങ്ങൾ ഇല്ലെങ്കിൽ നിർബന്ധമായും ജോലിക്കു വരണം എന്ന കർശന വ്യവസ്ഥ കൊണ്ടുവന്നു. കോവിഡ് ലക്ഷണങ്ങൾ കാണിക്കാത്ത രോഗികളിൽ നിന്നും മറ്റു ജോലിക്കാരിലേയ്ക്ക് രോഗം പകരുന്നതിനു ഇത് കാരണമായി മാറി. “കഴിഞ്ഞ മൂന്ന് വർഷമായി ഈ രോഗത്തെ ഇല്ലാതാക്കുവാൻ ഒരു തയ്യാറെടുപ്പും നടന്നിട്ടില്ല. എല്ലാവരെയും ഭയപ്പെടുത്തി വീടിനുള്ളിൽ ഇരുത്തി. അത്രമാത്രം. കൂടാതെ പെട്ടെന്ന് ഒരു ദിവസം നിയന്ത്രണങ്ങൾ നീക്കി. അസുഖമുള്ളപ്പോൾ ജോലിക്ക് പോകാൻ ആളുകളെ അനുവദിച്ചു” ഇപ്പോൾ ചൈനക്കാർ നേരിടുന്ന അവസ്ഥയെ കുറിച്ച് വെബിയോ ഉപയോക്താവ് കുറിച്ചത് ഇപ്രകാരം ആണ്.
പെരുകുന്ന കോവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം അവശ്യ മരുന്നുകളുടെ ലഭ്യത കുറവും സ്ഥിതിഗതികൾ തകിടം മറിക്കുന്നു. ചൈനയിൽ ഉടനീളം റാപിഡ് ടെസ്റ്റിങ് കിറ്റിന് രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്. പലർക്കും മരുന്നുകൾ ലഭിക്കുന്നില്ല. ആളുകൾ പനി പോലുള്ള അസുഖങ്ങൾക്കുള്ള മരുന്നുകൾ കൂടുതൽ വാങ്ങി കരുതി വയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ലഭ്യതക്കുറവും വേറെ. ഒപ്പം ആരോഗ്യപ്രവർത്തകരോടുള്ള മനോഭാവത്തിലും മാറ്റം വന്നിരിക്കുന്നു. തുടർച്ചയായ ജോലികളും കോവിഡ് രോഗികളുമായുള്ള സമ്പർക്കവും ആരോഗ്യപ്രവർത്തകരെയും വീഴ്ത്തി തുടങ്ങി. രോഗാവസ്ഥയിൽ ജോലി ചെയ്യുവാൻ നിർബന്ധിതരാകേണ്ടി വന്ന ഡോക്ടർമാരും നേഴ്സുമാരും ഇവിടെ സാധാരണ കാഴ്ചയാവുകയാണ്. അവരിൽ നിന്നും രോഗം പകരുന്ന സാഹചര്യവും ഉണ്ട്. പലപ്പോഴും ആളുകൾ അക്ഷമരാകുകയാണ്. അത് സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു.
“ഞാൻ നിങ്ങളോട് യാചിക്കുന്നു. നിങ്ങൾ മാത്രമല്ല പ്രായമായവരും കുട്ടികളും ഒക്കെ ആറു മുതൽ എട്ടു മണിക്കൂർ വരെ നിരയിൽ നിൽക്കുവാൻ നിർബന്ധിതരാകുന്നു. ഞങ്ങളും ഓടുകയാണ്. ദയവായി സംയമനം പാലിക്കുക”- കഴിഞ്ഞ ദിവസം ഒരു ഡോക്ടർ പറഞ്ഞ വാക്കുകൾ ആണ് ഇത്. ഇത് ആരോഗ്യ രംഗത്തെ പ്രഫഷണലുകൾ നേരിടുന്ന ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മാസം കോവിഡ് -19 കർശന നടപടികളിൽ രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രതിഷേധക്കാരും എങ്ങനെ ഒരു സാഹചര്യം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്തായാലും ചൈനീസ് അധികൃതർക്ക് ഇനി അടങ്ങിയിരിക്കുവാൻ കഴിയില്ല. അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗത്തെ പിടിച്ചടക്കണം. എങ്കിലേ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുവാൻ കഴിയുകയുള്ളു. ഒപ്പം ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും സുതാര്യവും അനിവാര്യവുമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കൊണ്ടുവരണം. അതെ നിവർത്തിയുള്ളു