“ഒരു നല്ല കപ്പ് കാപ്പി ഉണ്ടാക്കുക എന്നാൽ ഉപഭോക്താക്കളുമായി കൂടുതൽ ആഴത്തിൽ ബന്ധപ്പെടുക കൂടിയാണ് “- ഈ ചിന്തയാണ് ഉത്തരേന്ത്യൻ നഗരമായ ജലന്ധറിൽ ഒരു സ്പെഷ്യാലിറ്റി കോഫി ഷോപ്പ് തുറക്കുന്നതിനായി ഹർമൻപ്രീത് സിങ്ങിനെ തന്റെ കുടുംബ ബേക്കറി വിടാൻ പ്രേരിപ്പിച്ചത്. ഇത് അപ്രതീക്ഷിതമായ ഒരു തീരുമാനമായിരുന്നു എങ്കിലും തെക്കൻ സംസ്ഥാനങ്ങളിൽ കാപ്പിയോടുള്ള പ്രിയം വർധിക്കുന്നത് ഇത്തരത്തിലുള്ള അനേകം ആളുകളെ കോഫി ഷോപ്പുകൾ തുറക്കുന്നതിനു പ്രേരിപ്പിച്ചു.
മിസ്റ്റർ സിംഗിനെ സംബന്ധിച്ചിടത്തോളം, 2021 ൽ കോവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത്, പ്രത്യേകിച്ച് നഗരത്തിലെ യുവാക്കൾക്കിടയിലും അക്കാലത്ത് രാജ്യത്തേക്ക് മടങ്ങിയെത്തിയ വിദേശ നിവാസികൾക്കിടയിലും സ്പെഷ്യാലിറ്റി കാപ്പിയുടെ ആവശ്യം വർദ്ധിക്കുന്നത് കണ്ടതോടെയാണ് അദ്ദേഹം കോഫി ഷോപ്പുമായുള്ള തന്റെ യാത്ര ആരംഭിച്ചത്.
ഈ മാറ്റം തിരിച്ചറിഞ്ഞ് അദ്ദേഹം ബ്രൂയിംഗ് ടെക്നിക്കുകൾ പഠിക്കാൻ തെക്കൻ നഗരമായ ബെംഗളൂരുവിലേക്ക് മാറി. “ഞാൻ എല്ലാം പഠിച്ചു-കാപ്പി വിളമ്പുന്ന രീതി മുതൽ അലങ്കാരപ്പണികൾ, കടലാസുകൾ, സംഗീതം, മൊത്തത്തിലുള്ള അനുഭവത്തിൽ പാക്കേജിംഗ് പോലും നിർണ്ണായക സ്ഥാനം വഹിക്കുന്നു”, അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിന് ശേഷം സിംഗ് തന്റെ പഠനങ്ങൾ പരീക്ഷിക്കുകയും ജലന്ധറിൽ ബുലന്ദ് കഫെ തുറക്കുകയും ചെയ്തു.
വാസ്തവത്തിൽ, ഇന്ത്യൻ ജനസംഖ്യയുടെ 44% ത്തിലധികം ആളുകൾ ഇപ്പോൾ കാപ്പി കുടിക്കുന്നു എന്ന് മാർക്കറ്റിംഗ് അനലിറ്റിക്കൽ കമ്പനിയായ ക്രിസിൽ 2023 ലെ റിപ്പോർട്ട് കാണിക്കുന്നു. ഇതിൽ ഭൂരിഭാഗവും ഗാർഹിക ഉപഭോഗത്തിൽ നിന്നാണ് വരുന്നതെങ്കിലും, ചെറിയ നഗരങ്ങളിൽ സ്പെഷ്യാലിറ്റി കാപ്പിയുടെ വർദ്ധിച്ചുവരുന്ന ആവശ്യം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കോഫി കൺസൾട്ടന്റും ഡയറി ടെക്നോളജിസ്റ്റുമായ ഭവി പട്ടേൽ പറയുന്നു.
ഇന്ത്യൻ കോഫി ഹൗസുകളിലൂടെ തുടങ്ങിയ വിപ്ലവം
1900-കളിൽ ഇന്ത്യൻ കോഫി ഹൌസുകൾ ബുദ്ധിജീവികളുടെയും വരേണ്യവർഗത്തിന്റെയും ഒരു ഇടമായി ഉയർന്നുവന്നപ്പോൾ ഈ സംസ്കാരം രൂപപ്പെട്ടു. കൊളോണിയൽ ശൈലിയിലുള്ള കെട്ടിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ കഫേകൾ ചൂടുള്ള കാപ്പിയോടൊപ്പം ഇംഗ്ലീഷ് പ്രഭാതഭക്ഷണം വിളമ്പുകയും ചരിത്രത്തിലെ നിർണായക കാലഘട്ടങ്ങളിൽ രാഷ്ട്രീയം ചർച്ച ചെയ്യാനും പിന്തുണ സമാഹരിക്കാനും ഒരു ഇടം വാഗ്ദാനം ചെയ്യുകയും ചെയ്തു.
1990-കളിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയെ ലോകത്തിന് മുന്നിൽ തുറന്നുകൊടുത്തപ്പോൾ ഒരു മാറ്റം സംഭവിച്ചു, ഇത് സംരംഭകരെ സ്വകാര്യ കോഫി ഷോപ്പുകൾ തുറക്കാൻ അനുവദിക്കുകയും ചെറുപ്പക്കാർ പതിവായി സന്ദർശിക്കുകയും ചെയ്തു.
1996ൽ ആരംഭിച്ച കഫെ കോഫി ഡേ (സിസിഡി) അതിവേഗം ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും വ്യാപകവുമായ കോഫി ശൃംഖലകളിലൊന്നായി മാറി. അതിന്റെ ഏറ്റവും ഉയർന്ന സമയത്ത്, വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും ഒരു ജനപ്രിയ ഒത്തുചേരൽ സ്ഥലമായി പ്രവർത്തിക്കുന്ന 1,700-ലധികം ഔട്ട്ലെറ്റുകൾ സിസിഡിക്ക് ഉണ്ടായിരുന്നു. എന്നാൽ വർദ്ധിച്ചുവരുന്ന കടം, മാനേജ്മെന്റ് പ്രശ്നങ്ങൾ, അതിന്റെ സ്ഥാപകന്റെ അകാല മരണം എന്നിവ ഇന്ത്യയിലുടനീളമുള്ള മിക്ക ഔട്ട്ലെറ്റുകളും അടച്ചുപൂട്ടാൻ കാരണമായി.
2012ൽ അന്താരാഷ്ട്ര ഭീമനായ സ്റ്റാർബക്സിന്റെ വരവ് ബ്ലൂ ടോക്കായ് റോസ്റ്റേഴ്സ്, തേർഡ് വേവ് കോഫി, സബ്കോ കോഫി തുടങ്ങിയ തദ്ദേശീയ സ്പെഷ്യാലിറ്റി കോഫി ബ്രാൻഡുകളുടെ ഉയർച്ചയ്ക്ക് കാരണമായി. ഇതിനൊപ്പം ഇന്നത്തെ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗവും കാപ്പിയുടെ ഉപയോഗത്തിലെ വർദ്ധനവിന് കാരണമായിട്ടുണ്ട്. ആളുകൾക്ക് നല്ല കാപ്പി വേണം, പക്ഷേ ട്രെൻഡി ആയതും ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്നതുമായ ഒരു സ്ഥലത്തായിരിക്കാനും അവർ ആഗ്രഹിക്കുന്നു. ഇത് എന്ന് പല കാപ്പി ബിസിനസുകളെയും അടിമുടി മാറ്റത്തിലേയ്ക്ക് നയിച്ചു. ഒപ്പം കാപ്പിയിലും ചായയിലും വ്യത്യസ്തതകൾ ആഗ്രഹിക്കുന്നവരുടെ എണ്ണവും ആവശ്യകതയും വർധിക്കുന്നു.
ഇത്തരത്തിൽ മാറ്റങ്ങളുടെ ഒരു വിപ്ലവം തന്നെയാണ് കാപ്പി വ്യാപാര രംഗത്ത് നടക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ കാപ്പിയുടെ മണം പരക്കുന്ന ഇന്ത്യൻ നഗരങ്ങൾ വർധിക്കുകയാണ്. അതിനൊപ്പം ഒരു നൈറ്റ് ലൈഫ് സംസ്കാരവും.