ഇന്ത്യ – ചൈന അതിർത്തിയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയായതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. 2020 ൽ ഉടലെടുത്ത അതിർത്തിപ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇതോടെ തീരുമാനമായി. സേനാപിന്മാറ്റത്തിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും ഇതോടൊപ്പം നിയന്ത്രണരേഖയിൽ നിർത്തിവച്ചിരുന്ന ഇരുരാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിക്കാനും തീരുമാനമായി.
1975 ൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ ആദ്യ ഏറ്റുമുട്ടലിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഗൽവാൻ സംഘർഷത്തിനുശേഷം ദീർഘനാളായി തുടരുന്ന തർക്കമാണ് ഇപ്പോൾ സുപ്രധാന തീരുമാനത്തിലൂടെ ഇരുരാജ്യങ്ങളും പരിഹരിച്ചിരിക്കുന്നത്. ദെപ്സാങ്, ഡെംചോക്ക് എന്നീ മേഖലകളിൽ നിന്നും സേനാപിന്മാറ്റത്തിന് ധാരണയായിട്ടുണ്ട്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് പോകുന്നതിന് ഒരുദിവസം മുമ്പാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന.
അതിർത്തിയിൽ തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള 1996 ലെ കരാർ കാരണം ഗാൽവാൻ താഴ്‌വരയിലെ സൈനികർ വടികൾ ഉപയോഗിച്ചും നേരിട്ടുമായിരുന്നു പോരാടിയിരുന്നത്. കഴിഞ്ഞ നാലു വർഷമായി നയതന്ത്രജ്ഞരും സൈനികനേതാക്കളും തമ്മിലുള്ള ചർച്ചകളും ഫലം കണ്ടിരുന്നില്ല.