2019 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുഎസിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യയും പാക്കിസ്ഥാനുമായി അമേരിക്ക നടത്തിയ ചര്‍ച്ചകളാണു പ്രതിസന്ധി ഒഴിവാക്കിയെന്ന് അദ്ദേഹത്തിന്റെ ‘നെവര്‍ ഗിവ് ആന്‍ ഇഞ്ച്: ഫൈറ്റിംഗ് ഫോര്‍ ദ അമേരിക്കാ ഐ ലവ്’ എന്ന ആത്മകഥയില്‍ പറയുന്നു.
2019 ഫെബ്രുവരിയില്‍ ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ പുല്‍വാമയില്‍ 42 സൈനികരെ വധിച്ചദിവസം ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ഫോണ്‍ കോളില്‍ ഉണര്‍ന്ന ആ രാത്രിയെക്കുറിച്ചു മറക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.
പാക്കിസ്ഥാന്‍ അണ്വായുധങ്ങള്‍ ഒരുക്കുന്നുണ്ടെന്നും ഇന്ത്യ പ്രത്യാക്രമണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്നും ഇന്ത്യന്‍ പ്രതിനിധി ഫോണില്‍ അറിയിച്ചു. ഞാനുടന്‍തന്നെ അന്നത്തെ യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ ഖമര്‍ ബജ്വയെ ഫോണില്‍ വിളിച്ച് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞ കാര്യം അറിയിക്കുകയും ചെയ്തു.
പാക്കിസ്ഥാന്‍ അണ്വായുധം പ്രയോഗിക്കാന്‍ ഒരുങ്ങുന്നില്ലെന്നും ഇന്ത്യ ആക്രമണത്തിനൊരുങ്ങുന്നുവെന്നു പാക്കിസ്ഥാന്‍ സംശയിക്കുന്നതായും ബജ്വ അറിയിച്ചു. തുടര്‍ന്നുള്ള കുറച്ചു മണിക്കൂറുകളില്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഇരുവിഭാഗത്തിനും കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെയാണു പ്രതിസന്ധി അയഞ്ഞതെന്നു പോംപിയോ അവകാശപ്പെടുന്നു.