Saturday, November 23, 2024

സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കണം; റഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ

യുക്രെയ്ന്‍ അധിനിവേശത്തിനുള്ള റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ. റഷ്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തി റിക്രൂട്‌മെന്റ് അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റഷ്യന്‍ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നാല് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നീക്കം.

ഇന്ത്യയുടെ ആവശ്യത്തോട് റഷ്യ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജൂണ്‍ പതിനൊന്നാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് അസാധാരണ നീക്കമുണ്ടായതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘അങ്ങേയറ്റം ആശങ്കയുളവാക്കുന്ന കാര്യമാണ്, റഷ്യന്‍ അധികാരികള്‍ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കും,” റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരുടെ മോചനവും സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇതുവരെ ഏകദേശം 25 ഇന്ത്യക്കാരാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നത്. റഷ്യന്‍ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഇവര്‍ തങ്ങളുടെ മോചനം എങ്ങനെയും സാധ്യമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അവരില്‍ പത്തുപേരെ തിരികെ എത്തിക്കാനായെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

അതേസമയം, പാചകക്കാരും സഹായികളും ഉള്‍പ്പെടെ സപ്പോര്‍ട്ട് സ്റ്റാഫായി 200 ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുന്ന ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ കണക്കുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ പശ്ചാത്തലത്തില്‍ റഷ്യയില്‍ തൊഴിലവസരങ്ങള്‍ തേടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

Latest News