പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവച്ചു. വിര്‍ച്വലായി നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും പങ്കെടുത്തു. ഇന്‍ഡ്ഓസ് ഇസിടിഎ (ഇന്ത്യാ-ഓസ്‌ട്രേലിയ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്റ് ട്രേഡ് എഗ്രിമെന്റ്) കരാറില്‍ കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യപൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയലും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിലെ വ്യാപാര, ടൂറിസം നിക്ഷേപ മന്ത്രി ഡാന്‍ ടെഹാനുമാണ് ഒപ്പുവച്ചത്.
വിഭ്യാഭ്യാസ, ടൂറിസം, വാണിജ്യവ്യാപാര രംഗങ്ങളിലും പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കരാറാണ് ഒപ്പുവച്ചത്. കരാര്‍ പ്രകാരം ഓസ്ട്രേലിയക്ക് വന്‍ അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നതെന്ന് സ്‌കോട്ട് മോറിസണ്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റിറക്കുമതിക്ക് ഇളവുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് കരാര്‍. കൂടാതെ ഇന്ത്യയുടെ 96.4 ശതമാനം ഉത്പന്നങ്ങളുടെ കയറ്റുമതിയ്ക്കും ഓസ്‌ട്രേലിയയുടെ 85 ശതമാനം ഇറക്കുമതിക്കും നികുതി ഒഴിവാക്കും.
തുണിത്തരങ്ങള്‍, തുകല്‍, കാര്‍ഷികോത്പന്നങ്ങള്‍, മത്സ്യമേഖല, കായിക ഉത്പന്നങ്ങള്‍ തുടങ്ങി ഇന്ത്യയുടെ 6000 മേഖലകള്‍ക്ക് കരാര്‍ നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ലഭിക്കും. ആഭ്യന്തര ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പ്രധാനമേഖലകളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.