സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായുള്ള ഓപ്പറേഷന്‍ നടക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഓപ്പറേഷന്‍ കാവേരിയെന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 500 ഇന്ത്യക്കാര്‍ സുഡാനിലെ തുറമുഖത്തെത്തിയതായി അദ്ദേഹം പറഞ്ഞു. അവരെ നാട്ടിലേക്ക് എത്തിക്കുന്നതിനായി കപ്പലുകളും വിമാനങ്ങളും സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
ഐഎന്‍എസ് സുമേധ സുഡാന്‍ തുറമുഖത്തെത്തിയതാണെന്നും മന്ത്രി അറിയിച്ചു. തുറമുഖത്ത് എത്തിച്ചേര്‍ന്ന ഇന്ത്യന്‍ പൗരന്മാരെ രാജ്യത്തെത്തിക്കുന്നതിനായുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150-ലധികം ആളുകളാണ് ശനിയാഴ്ച സൗദി അറേബ്യയിലെത്തിയത്. എയര്‍ഫോഴ്സ് സി-130ജെ ജിദ്ദ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും സൗദിയിലുണ്ടായിരുന്നു.
അമേരിക്ക അവരുടെ പൗരന്മാരെ സുഡാനില്‍ നിന്നും തിരികെയെത്തിച്ചു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ യുഎസ് എംബസിയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 28 രാജ്യങ്ങളില്‍ നിന്നുള്ള 388 പേരെ ഫ്രാന്‍സ് ഇന്ന് രാവിലെ രക്ഷപ്പെടുത്തിയിരുന്നു.