തെരഞ്ഞെടുപ്പുകാലത്ത് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇന്ത്യ കൂട്ടായ്മ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. നിഷ്പക്ഷവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി 15 ഉദാഹരണം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും മാറ്റാനുമുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഇതുപ്രകാരം നടപടി എടുക്കുന്നുമുണ്ട്. എന്നാല്‍, രാഷ്ട്രീയ പകപോക്കലിന്റെ ആയുധമായി മാറിയിരിക്കുന്ന ഇഡി, സിബിഐ, ആദായനികുതിവകുപ്പ് എന്നീ കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.
സ്വതന്ത്ര തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേന്ദ്ര ഭരണകക്ഷി ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും കുടുക്കാനുള്ള തന്ത്രങ്ങളാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെമാത്രം വേട്ടയാടുന്നു. ഭരണകക്ഷിയിലെ ഒരാളെപ്പോലും പിടികൂടാനോ അന്വേഷണം നടത്താനോ ഈ ഏജന്‍സികള്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം. നിവേദനത്തില്‍ പറയുന്നു.