ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്മാന്. ഇത് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യമാണ്. കൂടാതെ കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാണെങ്കില്‍ ഇന്ത്യയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 25, 26 തീയതികളില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്ത്യ സന്ദര്‍ശിക്കും. ഇതിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ആണ് അക്കര്മാന് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ചൈനയ്ക്കും യുഎസിനും ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുക്രൈന് അധിനിവേശത്തെ തുടര്‍ന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ആരംഭിച്ചത്. എന്നാല്‍ ഈ സമയം ഇന്ത്യ റഷ്യയില്‍ നിന്ന് വളരെ കുറഞ്ഞ വിലയില്‍ എണ്ണ വാങ്ങാന്‍ ആരംഭിച്ചു.
കൂടാതെ യുക്രെയ്ന് പ്രതിസന്ധിയില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ അത് ഈ ഘട്ടത്തില്‍ അല്ല എന്നും അക്കര്മാന് പറഞ്ഞു. കൂടാതെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെങ്കില്‍ രണ്ട് കക്ഷികളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം റഷ്യയുടെ ഫെഡറല്‍ അസംബ്ലിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുക്രെയ്നില്‍ യുദ്ധം ആരംഭിക്കാന്‍ കാരണം പശ്ചിമേഷ്യയാണെന്ന് ആരോപിച്ചുകൊണ്ടുള്ള പരാമര്‍ശവും അദ്ദേഹം ചൂണ്ടികാട്ടി.