Monday, April 21, 2025

മാര്‍ച്ച് 15 ലോക ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ യുഎന്‍; എതിര്‍പ്പു പ്രകടിപ്പിച്ച് ഇന്ത്യ

മാര്‍ച്ച് 15 ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭാ തീരുമാനം. ഇതുസംബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ പ്രതിനിധി അവതരിപ്പിച്ച പ്രമേയം യു.എന്‍ അംഗീകരിച്ചു. എന്നാല്‍ പ്രമേയത്തെ എതിര്‍ത്ത് ഇന്ത്യ രംഗത്ത് വന്നു. യുഎന്നിലെ പാക്കിസ്ഥാന്‍ സ്ഥിരം പ്രതിനിധി മുനീര്‍ അക്രമാണ് 193 അംഗ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്ലാമോഫോബിയ വിഷയം പ്രമേയമായി അവതരിപ്പിച്ചത്. ഇസ്ലാമോഫോബിയ ഒരു യാഥാര്‍ത്ഥ്യമാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ക്ക് നേരെ അക്രമവും വിവേചനവും കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ചൈനയും ഉള്‍പ്പെടെ 59 രാജ്യങ്ങള്‍ പ്രമേയത്തെ പിന്താങ്ങി.

അതേസമയം, ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രംഗത്ത് വന്നു. സിഖ്, ബുദ്ധ സമൂഹങ്ങള്‍ക്ക് എതിരെയും ലോകത്ത് അക്രമം നടക്കുന്നുണ്ടെന്നും ഒരു മതത്തിനെതിരെയുള്ള ആക്രമണങ്ങളെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ പ്രമേയം മറ്റു മതങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളുടെ ഗൗരവത്തെ വിലകുറച്ചു കാണുന്നതിന് കാരണമാകുമെന്നും ഇന്ത്യന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. ഓരോ മതങ്ങളുടെ പേരിലും ഇത്തരം പ്രമേയങ്ങള്‍ കൊണ്ടുവന്ന് യുഎന്‍ മത ക്യാമ്പുകളായി ഭിന്നിക്കാതിരിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നതായും തിരുമൂര്‍ത്തി പറഞ്ഞു.

2019 മാര്‍ച്ച് 15ന് ന്യൂസിലാന്റില്‍ മസ്ജിദിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 ഇസ്ലാമോഫാബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ മക്കയില്‍ നടന്ന ഇസ്ലാമിക ഉച്ചകോടി ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

 

Latest News