ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചൈനയുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലായിരുന്നു ചര്‍ച്ച. വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് അരിന്ദം ബാഗ്ചിയാണ് ചര്‍ച്ച സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
“കഴിഞ്ഞ വർഷം ബാലി ജി-20 ഉച്ചകോടിക്കിടെ, ഇന്തോനേഷ്യൻ പ്രസിഡന്റ് ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിന്റെ സമാപനത്തിൽ പ്രധാനമന്ത്രിയും പ്രസിഡന്റ് ഷി ജിൻപിങ്ങും ഉപചാരങ്ങൾ കൈമാറുകയും നമ്മുടെ ഉഭയകക്ഷിബന്ധത്തിൽ സ്ഥിരത കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തു” – അരിന്ദം ബാഗ്ചി വെളിപ്പെടുത്തി. ജി-20 ഉച്ചകോടിയിൽ ഉഭയകക്ഷിബന്ധം സുസ്ഥിരമാക്കുന്നതിൽ പ്രധാനമന്ത്രി മോദിയും ഷി ജിൻപിംഗും സമവായത്തിലെത്തിയെന്ന് ബീജിംഗ് അവകാശപ്പെട്ടതിന് രണ്ടു ദിവസത്തിനുശേഷമാണ് കേന്ദ്രസർക്കാരിന്റെ പ്രസ്‌താവന പുറത്തുവന്നിരിക്കുന്നത്. നിലവിൽ, കിഴക്കൻ ലഡാക്കിലെ ചില കേന്ദ്രങ്ങളിൽ ഇന്ത്യൻ – ചൈനീസ് സൈനികർ നേർക്കുനേർ നിൽക്കുന്നത് തുടരുകയാണ്. എന്നാൽ, വിപുലമായ നയതന്ത്ര – സൈനികതല ചർച്ചകളെ തുടർന്ന് പല മേഖലകളിലും സേനകൾ പിൻവലിയുന്നുണ്ട്.
2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ പതിറ്റാണ്ടുകൾക്കിടയിൽ നടന്ന ഏറ്റവും ഗുരുതരമായ സൈനികസംഘട്ടനത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സംഘട്ടനത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ പൊതു ഇടപെടലായിരുന്നു ബാലിയിൽ നടന്ന ജി-20 ഉച്ചകോടി. ഈ കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷിബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തയാറായത്.