കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പിൽ അജയ്യരായി കുതിപ്പ് തുടർന്ന് ഇന്ത്യ. ലോകകപ്പ് മത്സരത്തില്‍ എട്ടാംജയംതേടിയിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റൺസിനാണ് തോൽപിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ സൂപ്പര്‍ സെഞ്ച്വറിയുടെ കുതിപ്പിലാണ് 327 റണ്‍സെടുത്തത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 83 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ മുഹമ്മദ് ഷമിയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്.
ടൂര്‍ണമെന്റിലുടനീളം 350ല്‍ കുറയാത്ത ടോട്ടല്‍ നേടിയ ചരിത്രവുമായി ഇന്ത്യയുടെ മുന്നിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 83 റണ്‍സിന് പവലിയനിലേക്ക് മടങ്ങേണ്ടിവരുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒരൊറ്റ ബാറ്ററെയും നിലയുറപ്പിക്കാൻ ബൗളർമാർ അനുവദിച്ചില്ല. പതിനാല് റൺസെടുത്ത മാർക്കോ യൻസനാണ് അവരുടെ ടോപ് സ്‌കോറർ. നാല് താരങ്ങൾക്ക് മാത്രമേ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി സ്‌പിന്നർ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി രണ്ട് വിക്കറ്റുമായി മികവ് തുടർന്നു. കുൽദീപും രണ്ട് വിക്കറ്റ് നേടി. ഇന്നത്തെ പ്രകടനത്തോടെ ഷമിയുടെ വിക്കറ്റ് നേട്ടം പതിനാറായി ഉയർന്നു. കേവലം നാല് മത്സരങ്ങളിൽ നിന്നാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയം.