ഫിലിപ്പൈന്‍സിന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ കൈമാറി. 2022ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യണ്‍ ഡോളര്‍ കരാറിന്റെ ഭാഗമായിട്ടായികുന്നു ആയുധ കൈമാറ്റം. ഇന്ത്യന്‍ വ്യോമസേന അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് മിസൈലുകളോടൊപ്പമാണ് ഫിലിപ്പീന്‍സിലെ മറൈന്‍ കോര്‍പ്‌സിന് ആയുധങ്ങള്‍ കൈമാറിയത്. മിസൈലുകള്‍ക്കൊപ്പം ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സാങ്കേതിക വിദ്യകളുടെ കൈമാറ്റം കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു.
ദക്ഷിണ ചൈനാ കടലില്‍ ഫിലിപ്പീന്‍സും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സമയത്താണ് ഇന്ത്യ മിസൈല്‍ സംവിധാനങ്ങള്‍ കൈമാറുന്നതെന്നും ശ്രദ്ധേയം. ബ്രഹ്മോസ് മിസൈല്‍ സംവിധാനത്തിന്റെ മൂന്ന് ബാറ്ററികള്‍ ഫിലിപ്പീന്‍സ് അവരുടെ തീരപ്രദേശങ്ങളില്‍ വിന്യസിക്കും. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്ട്രോയേനിയയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ലോകത്തിലെ ഏറ്റവും വിജയകരമായ മിസൈല്‍ പ്രോഗ്രാമുകളില്‍ പ്രധാനപ്പെട്ടതാണ്.