പ്രതിരോധം, സുരക്ഷ, വ്യാപാരം, ഭീകരവിരുദ്ധ പ്രവര്‍ത്തനം എന്നീ മേഖലയില്‍ ഇന്ത്യ- ഈജിപ്ത് സഹകരണം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍-സിസിയും ധാരണയായി. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 12 കോടി ഡോളറിന്റെ വ്യാപാരം ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ-ഈജിപ്ത് തന്ത്രപ്രധാന പങ്കാളിത്വത്തില്‍ രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, സാങ്കേതികവിദ്യ രംഗങ്ങളില്‍ കൂടുതല്‍ സഹകരണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഈജിപ്തുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യയില്‍നിന്ന് കൂടുതല്‍ വിദേശസഞ്ചാരികള്‍ ഈജിപ്തിലെത്തണമെന്നും സിസി പറഞ്ഞു.