പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഈജിപ്ത്യന്‍ പ്രതിരോധമന്ത്രി ജനറല്‍ മുഹമ്മദ് സാക്കിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പ് വെച്ചു. ഇരുമന്ത്രിമാരും ഉഭയകക്ഷി പ്രതിരോധബന്ധം അവലോകനം ചെയ്തു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാജ്നാഥ് സിംഗ് ഈജിപ്തില്‍ എത്തിയത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-പ്രതിരോധ ഇടപെടലുകളും സൗഹൃദവും വികസിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
‘ഈജിപ്ത് പ്രതിരോധമന്ത്രി ജനറല്‍ മുഹമ്മദ് സാക്കിയുമായി കെയ്റോയില്‍ വെച്ച് ഒരു മികച്ച കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി പ്രതിരോധ ഇടപെടലുകള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള നിരവധി സംരംഭങ്ങളെക്കുറിച്ച് ഞങ്ങള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി. പ്രതിരോധ സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പിടുന്നത് നമ്മുടെ ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജവും ആവശവും നല്‍കുന്നുവെന്ന്’ സന്ദര്‍ശനത്തിന് ശേഷം രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍-സിസിനെയും രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചിരുന്നു. സൈനിക സഹകരണം കൂടുതല്‍ വിപുലമാക്കാനും സംയുക്ത പരിശീലനം, പ്രതിരോധ സഹ-നിര്‍മ്മാണം സംബന്ധിച്ച വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇരു നേതാക്കളും സമ്മതിച്ചിരുന്നു.
ഈജിപ്തില്‍ ഇതുവരെ 3.15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യ നടത്തിയിട്ടുണ്ട്. ആകാശ് മിസൈല്‍ സംവിധാനം ഉള്‍പ്പെടെ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ നേരത്തെ ഈജിപ്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നു. 1984 വരെ ഇന്ത്യന്‍ വൈമാനികരാണ് ഈജിപ്തിലെ വ്യോമസേനാ അംഗങ്ങളെ പരിശീലിപ്പിച്ചിരുന്നത്.