കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പായ ആക്സസ് നൗ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തുന്നത്. 2021 ല്‍ മാത്രം ഏകദേശം 106 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി തടസപ്പെടുത്തിയത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.
2020 ല്‍ 29 രാജ്യങ്ങളിലായി 159 ഷട്ട്ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020 ല്‍ ഇന്ത്യ 109 ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ആണ് ഏര്‍പ്പെടുത്തിയത്. മാത്രവുമല്ല, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് ഷട്ട്ഡൗണും ഇന്ത്യയിലാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ന്റെ പേരില്‍ 2019 ഓഗസ്റ്റ് 4 നും 2020 മാര്‍ച്ച് 4 നും ഇടയില്‍ 223 ദിവസത്തേക്ക് ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ലോകത്തെ മറ്റേതൊരു ജനാധിപത്യ രാജ്യത്തേക്കാളും കൂടുതല്‍ തവണ ഇന്ത്യ ഇന്റര്‍നെറ്റ് അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തത്.
2021 ലെ കണക്കുപ്രകാരം ഇന്ത്യയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്തത് മ്യാന്മറിലാണ്. 15 തവണയാണ് ഇന്റെനെറ്റ് കണക്ഷന് വിച്ഛേദിച്ചത്. സുഡാനും ഇറാനും അഞ്ച് തവണ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്തു. 2021-ല്‍ 34 രാജ്യങ്ങളിലായി 182 തവണയെങ്കിലും അധികാരികള്‍ ബോധപൂര്‍വം ഇന്റര്‍നെറ്റ് നിശ്ചലമാക്കിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പല കാരണങ്ങളാണ് ഇതിന് പിന്നില്‍ ഉള്ളത്. ചിലത് പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിനാണെങ്കില് മറ്റു ചിലത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനാണ്. ഇങ്ങനെ നിരവധി കാരണങ്ങള്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നിയന്ത്രിച്ചതിന് പിന്നിലുണ്ട്.
ഇന്ത്യയില്‍ ആകെ 106 തവണ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വിച്ഛേദിച്ചെങ്കില്‍ അത് 85 എണ്ണവും ജമ്മു കാശ്മീരിലാണ്. അഫ്ഗാനിസ്ഥാന്, ഇന്തൊനീഷ്യ, മ്യാന്മാര്, പാകിസ്ഥാന്, ബംഗ്ലാദേശ്, ചൈന, ഇന്ത്യ എന്നീ ഏഴ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഏഷ്യ-പസിഫിക് മേഖലയിലാണ് മിക്ക ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളും സംഭവിച്ചത്. ഈ ഇന്റര്‍നെറ്റ് വിച്ഛേദനം കാരണം ഇന്ത്യയ്ക്ക് നഷ്ടപെട്ടത് ഏകദേശം 280 കോടി ഡോളര്‍ അഥവാ ഏകദേശം 21426.52 കോടി രൂപ ആണ്.