Sunday, November 24, 2024

വില കുതിച്ചു കയറുന്നു; ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നടപടി. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. 2021-22 വര്‍ഷത്തില്‍ 7 ദശലക്ഷം ടണ്‍ ഗോതമ്പാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചത്. ചൂട് കൂടിയതോടെ ഉത്പാദനത്തില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം ഉത്പാദനം കുറഞ്ഞു. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളില്‍ ഗോതമ്പ് വിഹിതം കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു.

മേയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കയറ്റുമതി ചില വ്യവസ്ഥകളോടെ തുടരും. ഇതിനകം കരാര്‍ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ല. മറ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാല്‍ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും. റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ഗോതമ്പിന്റെ രാജ്യാന്തര വിലയില്‍ 40 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതുമൂലം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചു. ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ പ്രാദേശിക തലത്തില്‍ ഗോതമ്പിന്റെയും മൈദയുടെയും വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ധാന്യ വില കൂടിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

 

Latest News