രാജ്യത്ത് ഒരു ദിവസം മുഴുവന്‍ ഒന്നും കഴിക്കാനില്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ആറ് മുതല്‍ 23 മാസം വരെ പ്രായമുള്ള 67 ലക്ഷം കുട്ടികള്‍ ഉണ്ടെന്ന് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ജമാ നെറ്റ്വര്‍ക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഹാര്‍വാര്‍ഡ് പഠനത്തിലാണ് ഈ വിവരമുള്ളത്. ഇന്ത്യയില്‍ സീറോ ഫുഡ് കുട്ടികളുടെ എണ്ണം 19.3 ശതമാനമാണെന്ന് ആണ് പഠനത്തില്‍ പറയുന്നത്.
ഒരു ദിവസത്തില്‍ പാലോ ഫോര്‍മുലയോ ഭക്ഷണമോ കഴിക്കാത്ത 6 മുതല്‍ 23 മാസം വരെ പ്രായമുള്ള കുട്ടികളാണ് സീറോ ഫുഡ് കുട്ടികള്‍. സീറോ- ഫുഡ് കുട്ടികളുടെ വ്യാപനം പല രാജ്യങ്ങളിലും 21% വരെ ഉയര്‍ന്നതായി പഠനത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം സീറോ ഫുഡ് കുട്ടികളുടെ എണ്ണത്തില്‍ നൈജീരിയയ്ക്ക് രണ്ടാം സ്ഥാനവും (962000), പാകിസ്ഥാന് മൂന്നും (849000), എത്യോപ്യയ്ക്ക് നാലും (772000), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് അഞ്ചും (362000) സ്ഥാനങ്ങളാണ് പട്ടികയില്‍ ഉള്ളത്.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള 92 രാജ്യങ്ങളില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ടാണിത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള 6 മുതല്‍ 23 മാസം വരെ പ്രായമുള്ള 276,379 കുട്ടികളെ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയത്. അതേസമയം ഹാര്‍വാര്‍ഡ് പഠനത്തിന്റെ കണ്ടെത്തലുകള്‍ നിഷേധിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. ഗവേഷകരുടെ ഈ അവകാശവാദത്തെ എതിര്‍ത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗവും ജോയിന്റ് ഡയറക്ടറുമായ സഞ്ജീവ് സന്യാലും, ആകാന്‍ക്ഷ അറോറയും രംഗത്ത് എത്തിയിരുന്നു.
പ്രസിദ്ധമായ ‘ദ ലാന്‍സെറ്റി’ല്‍ 2023ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ യുപിയിലെ 28.4 ശതമാനം കുട്ടികള്‍ സീറോ ഫുഡ് പ്രശ്‌നം നേരിടുന്നതായി പറയുന്നുണ്ട്. ‘ഉത്തര്‍പ്രദേശ് (28.4%), ബിഹാര്‍ (14.2%), മഹാരാഷ്ട്ര (7.1%), രാജസ്ഥാന്‍ (6.5%), മധ്യപ്രദേശ് (6%) എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം സീറോ ഫുഡ് കുട്ടികളുടെ മൂന്നില്‍ രണ്ട് ഭാഗവുമുള്ളത്.