രാജ്യത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിപ്പെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ രംഗം വന്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂളുകളുടെ എണ്ണം ചൈനയെക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചൈനയില്‍ സ്‌കൂളുകള്‍ ഗണ്യമായി കുറയുന്നതിനിടെയാണ് ഇന്ത്യന്‍ സ്‌കൂളുകളുടെ എണ്ണത്തിലെ വര്‍ദ്ധനവ്. മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥ, വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ കുറവ്, രാഷ്ട്രീയ നിയന്ത്രണം എന്നിവ കാരണം ചൈനയിലെ നിരവധി സ്‌കൂളുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. സ്‌കൂളുകള്‍ക്ക് പുറമെ കോളേജുകളിലും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍ കാലത്തെ അപേക്ഷിച്ച് വളരെ കുറവാണ്. കൊറോണയ്ക്ക് ശേഷമുണ്ടായ കുറവ് നികത്താന്‍ സര്‍വ്വകലാശാലകള്‍ക്ക് സാധിച്ചിട്ടില്ലെന്ന് റോയ്ട്ടര്‍സ് റിപ്പോര്‍ട്ട് അധികരിച്ച് നീതി ആയോഗ് പറയുന്നു.
ചൈനയില്‍, 2020-ല്‍ 1,80,000 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നിലൊന്നായി ചുരുങ്ങി. ഈ സ്‌കൂളുകളില്‍ 55.6 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളുവെന്നും റിപ്പോര്‍ട്ട് പറയുന്നു. മഹാമാരിക്ക് ശേഷം പ്രവാസികള്‍ തിരികെ പോയതും വര്‍ദ്ധിച്ചുവരുന്ന ആഗോളരാഷ്ട്രീയ പ്രശ്നങ്ങളും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതിന് കാരണമാണ്. എന്നാല്‍, നിതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ നല്ല നിലയിലാണ്..