Tuesday, November 26, 2024

കിഴക്കന്‍ ലഡാക്കിലെ 26 പട്രോളിംഗ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയുടെ 65 പട്രോളിങ് പോയന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ചൈനയുമായി തുടരുന്ന സംഘര്‍ഷത്തിനിടെയാണ് പട്രോളിങ് പോയിന്റിന്റെ നിയന്ത്രണം കൂടി നഷ്ടപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കാരകൊറം പാസ് മുതല്‍ ചുമുര്‍ വരെ ദിവസവും ഇന്ത്യന്‍ സുരക്ഷാ സേന പട്രോളിങ് നടത്തേണ്ട 65 പോയിന്റുകളാണ് നിലവിലുള്ളത്. ഇതില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം സുരക്ഷാ സേന പട്രോളിങ് നടത്താത്തതു കൊണ്ടോ, അല്ലെങ്കില്‍ മറ്റു പരിമിതികള്‍ മൂലമോ നഷ്ടപ്പെട്ടു.

ഡല്‍ഹിയില്‍ നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാര്‍ഷിക യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ബഫര്‍ സോണില്‍ പോലും ഇന്ത്യന്‍ പട്രോളിങ് ചൈന എതിര്‍ക്കുന്നുണ്ടെന്നും അത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതിനൊപ്പം ഇന്ത്യയുടെ പിന്‍വാങ്ങല്‍ ഉറപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News