ലോകത്ത് ഏറ്റവും കൂടുതൽ സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമെന്ന നേട്ടം ഇന്ത്യന്‍ നഗരമായ ബെംഗളൂരുവിലെ കെംപെദൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സ്വന്തം. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളം എന്ന സവിശേഷതയും കെംപെദൗഡയ്ക്ക് സ്വന്തമാണ്.
കഴിഞ്ഞ സെപ്റ്റംബർ മാസം കെംപെദൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന വിമാന സർവീസുകൾ 88.52 ശതമാനം സമയകൃത്യത പാലിച്ചിരുന്നു. സർവീസുകളുടെ കാര്യത്തിൽ ഓഗസ്റ്റ് മാസം 89.66 ശതമാനവും, ജൂലൈയിൽ 75.1 ശതമാനവുമാണ് കൃത്യത പാലിച്ചിരിക്കുന്നത്. 88 സ്ഥലങ്ങളിലേക്ക് 35 എയർലൈൻ കമ്പനികൾ ഇവിടെ നിന്നും സർവീസ് നടത്തുന്നുണ്ട്.
പ്രതിവർഷം കോടിക്കണക്കിന് ആളുകളാണ് കെംപെദൗഡ വിമാനത്താവളത്തിൽ യാത്രയ്ക്കായെത്തുന്നത്. ഇത്രയധികം തിരക്കുനിറഞ്ഞ വിമാനത്താവളത്തിന് കൃത്യതയുടെ അടിസ്ഥാനത്തിൽ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണെന്നാണ് വിലയിരുത്തല്‍. ഒരു മാസം മുൻപാണ് ടെർമിനൽ 2-ൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചത്.