Friday, April 18, 2025

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രിലങ്കയ്ക്ക് സഹായവുമായി ഇന്ത്യ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രിലങ്കയ്ക്ക് വായ്പ സഹായവുമായി ഇന്ത്യ. ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ (7,600 കോടി രൂപ) സാമ്പത്തിക സഹായമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ശ്രീലങ്കയ്ക്ക് നല്‍കുന്നത്. ശ്രീലങ്കന്‍ ധനകാര്യ മന്ത്രി ബേസില്‍ രജപക്‌സെയുടെ സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും കരാറിലെത്തിയത്. ധനമന്ത്രി നിര്‍മലാ സീതാരമനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമാണ് കരാറില്‍ ഒപ്പു വച്ചത്.

”ഇന്ത്യ ശ്രീലങ്കയ്ക്കൊപ്പമാണ്. അവശ്യ സാധനങ്ങളുടെ വിതരണത്തിനായി ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ ക്രെഡിറ്റ് ലൈന്‍ കരാറില്‍ ഒപ്പു വച്ചു. ഇന്ത്യ നല്‍കുന്ന പിന്തുണയുടെ പ്രധാന ഘടകമാണിത്,” ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ നിന്ന് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും മരുന്നുകളും ഇറക്കുമതി ചെയ്യാന്‍ ശ്രീലങ്കയെ സഹായം പ്രാപ്തമാക്കും. ദുഷ്‌കരമായ സമയത്ത് ശ്രീലങ്കന്‍ ജനതയെ സഹായിക്കുന്നതിനുള്ള മാനുഷിക നടപടിയാണിതെന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്‍ കരാറിനെ വിശേഷിപ്പിച്ചത്.

ജനുവരി മുതല്‍ ശ്രീലങ്കയ്ക്ക് മൊത്തം 2.4 ബില്യണ്‍ യുഎസ് ഡോളറിന്റെ (18,000 കോടി രൂപ) സാമ്പത്തിക സഹായമാണ് ഇന്ത്യ നല്‍കിയിട്ടുള്ളത്. ഇത് ശ്രീലങ്കയുടെ സാമ്പത്തിക മേഖലയിലെ തകര്‍ച്ചയുടെ ആഘാതം ചെറുതായി കുറയ്ക്കാന്‍ മാത്രമെ സഹായിക്കു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തന്റെ സര്‍ക്കാര്‍ അന്താരാഷ്ട്ര മോണിറ്ററി ഫണ്ടുമായി (ഐഎംഎഫ്) പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല സാമ്പത്തിക സഹകരണത്തിനായി പദ്ധതി രൂപീകരിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി ഡല്‍ഹിയിലെ ശ്രീലങ്കന്‍ ഹൈക്കമ്മിഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

 

Latest News