സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയ്ക്ക് വീണ്ടും ഇന്ത്യയുടെ സഹായം. ദ്വീപ് രാഷ്ട്രത്തില്‍ തമിഴ് വംശജരുടെ സാന്നിധ്യം കൂടുതലുള്ള ജാഫ്ന നഗരത്തിന്റെ ആവശ്യങ്ങള്‍ക്കായി 15,000 ലിറ്റര്‍ മണ്ണെണ്ണ ഇന്ത്യ ശനിയാഴ്ച കൈമാറി.
ജാഫ്ന നഗരത്തിലെ ഡെല്‍ഫ്, നൈനത്തീവ്, എലുവൈത്തീവ്, അനലിത്തീവ് എന്നിവിടങ്ങളിലെ 700 മത്സ്യത്തൊഴിലാളികളെയും രാജ്യത്തെ പവര്‍ ഫെറി സര്‍വീസുകളെയും സഹായിക്കുന്നതിനായിട്ടായിരുന്നു നീക്കം. കടക്കെണിയിലായ ശ്രീലങ്കയ്ക്ക് നേരത്തെ 40,000 മെട്രിക് ടണ്‍ പെട്രോള്‍ എത്തിച്ച് നല്‍കി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ജാഫ്നയെ കേന്ദ്രീകരിച്ച് ഇന്ത്യ സഹായം കൈമാറിയത്.
സമീപ കാലത്താണ് ശ്രീലങ്കയുടെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞത്. ഇത് ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയ്ക്കും പണപ്പെരുപ്പത്തിനും കാരണമായി. തുടര്‍ന്ന് രാജ്യത്ത് ഇറക്കുമതി തുടരാന്‍ പണമില്ലാതെയായി. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ ഇന്ധന ഇറക്കുമതിക്ക് ശ്രീലങ്കയെ സഹായിച്ചു.
കഴിഞ്ഞ മാസം 500 മില്യണ്‍ യുഎസ് ഡോളറിന്റെ അധിക ക്രെഡിറ്റ് ലൈന്‍ ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കി. 700,000 യുഎസ് ഡോളറിലധികം വിലമതിക്കുന്ന 25 ടണ്‍ ആരോഗ്യസേവനങ്ങളും ശ്രീലങ്കയ്ക്ക് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ കൈമാറിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അഭിനന്ദിക്കുകയും ചെയ്തു.