Monday, November 25, 2024

ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു; ഹോക്കി ലോകകപ്പില്‍ നിന്ന് ആതിഥേയരായ ഇന്ത്യ പുറത്ത്

ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാകാതെ ഇന്ത്യ പുറത്ത്. ഞായറാഴ്ച നടന്ന ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ആതിഥേയരായ ഇന്ത്യ പുറത്തായത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3 ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-5 നായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലളിത് ഉപാധ്യായ്, സുഖ്ജീത് സിംഗ്, വരുണ്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. മൂന്ന് ഗോളുകളും മടക്കി ന്യൂസിലന്‍ഡ് സമനില കണ്ടെത്തിയതോടെ മത്സരം ഷൂട്ടൗട്ടിലേക്കു പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ ന്യൂസീലന്‍ഡിനായി സീന്‍ ഫിന്‍ഡ്ലി രണ്ട് തവണയും നിക് വുഡ്സ്, ഹൈഡന്‍ ഫിലിപ്സ്, സാം ലെയ്ന്‍ എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി രാജ് കുമാര്‍ പാല്‍ രണ്ടു തവണയും ഹര്‍മന്‍പ്രീത് സിങ്, സുഖ്ജീത് സിംഗ് എന്നിവര്‍ക്കും മാത്രമാണ് ലക്ഷ്യം കാണാനായത്. ഷംഷെര്‍ സിംഗിന്റെ രണ്ട് കിക്കും പാഴായി.

പരുക്കിന്റെ പിടിയിലായ മധ്യനിരതാരം ഹാര്‍ദിക് സിംഗ്, മലയാളി താരവും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷ് എന്നിവരുടെ അഭാവവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. കൃഷന്‍ ബഹാദൂര്‍ പഥകാണ് ശ്രീജേഷിന് പകരം ഗോള്‍വല കാത്തത്. ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബെല്‍ജിയത്തെയാണ് ന്യൂസിലന്‍ഡ് നേരിടുക.

 

Latest News