Tuesday, November 26, 2024

യുഎൻ സുരക്ഷാ കൗൺസിലില്‍ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

യുഎൻ സുരക്ഷാ കൗൺസിലിലെ ചര്‍ച്ചകള്‍ക്കിടയില്‍ പാക്കിസ്താനെതിരെ ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന യുഎൻ മിഷൻ കൗൺസിലർ ആർ മധു സുദനാണ് പാക്കിസ്താനെതിരെ കൗണ്‍സിലില്‍ ആഞ്ഞടിച്ചത്. സുരക്ഷാ കൗൺസിലിന്റെ ഓപ്പൺ ഡിബേറ്റിനിടെ കാശ്മീർ വിഷയം പാക്കിസ്താന്‍ വലിച്ചിഴച്ചതോടെയാണ് ഇന്ത്യ പ്രതികരിച്ചത്.

“ഇന്ത്യക്കെതിരായ നിസ്സാരമായ ആരോപണങ്ങളിൽ ഏർപ്പെടുന്നതിനുപകരം പാക്കിസ്താന്‍ അവരുടെ ആഭ്യന്തര കാര്യങ്ങൾ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. സ്വന്തം അതിർത്തിക്കുള്ളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബന്ധപ്പെട്ട പ്രതിനിധി സംഘത്തോട് ഞാൻ അഭ്യര്‍ഥിക്കുന്നു,” – ആർ മധു സുദൻ പറഞ്ഞു. ഭക്ഷ്യസുരക്ഷ എന്ന സുപ്രധാന വിഷയത്തിൽ നിന്ന്, ഈ കൗൺസിലിന്റെ ശ്രദ്ധ തിരിക്കുന്നതിന് പാകിസ്ഥാൻ പ്രതിനിധി സംഘം ഈ ഫോറം ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. ‘ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ’യിന്മേലുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ ഓപ്പൺ ഡിബേറ്റിനിടെ പാകിസ്ഥാൻ പ്രതിനിധി ഉന്നയിച്ച കശ്മീർ വിഷയത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതിർത്തി കടന്നുള്ള ഭീകരവാദം, കശ്മീർ പ്രശ്‌നം തുടങ്ങി നിരവധി വിഷയങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർഷങ്ങളായി അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ്.

Latest News