കഴിഞ്ഞ 25 വര്‍ഷത്തിനിടെ രാജ്യത്ത് ഇല്ലാതായത് ഇരുപത് ലക്ഷം ഹെക്ടറില്‍ അധികം വരുന്ന പ്രദേശത്തെ മരങ്ങളെന്ന് റിപ്പോര്‍ട്ട്. ഉപഗ്രഹ വിവരങ്ങളും മറ്റ് സ്രോതസ്സുകളും ഉപയോഗിച്ച് തത്സമയം വനത്തിലെ മാറ്റങ്ങള്‍ ട്രാക്കുചെയ്യുന്ന ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ (ജിഎഫ്ഡബ്ല്യു) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് മരങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2002 മുതല്‍ 2023 വരെ 4,14,000 ഹെക്ടര്‍ പ്രാഥമിക വനം രാജ്യത്തിന് നഷ്ടപ്പെട്ടു, ഇതേ കാലയളവില്‍ ഇല്ലാതായ മൊത്തം മരങ്ങളുടെ 18 ശതമാനമാണ് ഈ കണക്ക്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മരം മുറി വ്യാപമായി തുടരുന്നത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2001 നും 2023 നും ഇടയില്‍ നഷ്ടമായ മരങ്ങളില്‍ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. അസമില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരം നഷ്ടമായത്. സംസ്ഥാനത്ത് നിന്ന് 324,000 ഹെക്ടര്‍ മരങ്ങളാണ് നഷ്ടമായത്. മിസോറാം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവയാണ് മറ്റുസംസ്ഥാനങ്ങള്‍.
റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, സര്‍വേ ഓഫ് ഇന്ത്യ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയോട് കേന്ദ്ര ഹരിത ട്രിബ്യൂണല്‍ വിശദീകരണം തേടി. ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദീകരിച്ച ഗ്ലോബല്‍ ഫോറസ്റ്റ് വാച്ച് ഡാറ്റ വെച്ചുള്ള റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് ഹരിത ട്രിബ്യൂണല്‍ സ്വമേധയ വിഷയത്തില്‍ ഇടപെട്ടത്.
അതേസമയം, 2015 മുതല്‍ 2020 വരെ ഇന്ത്യയില്‍ പ്രതിവര്‍ഷം 668,000 ഹെക്ടര്‍ വനനശീകരണം നടന്നിട്ടുണ്ടെന്നും ഇത് ആഗോളതലത്തില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വനനശീകരണമാണെന്നും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.