അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർട്ടിപിസിആർ നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈന, ജപ്പാൻ, സൗത്ത് കൊറിയ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നു വരുന്ന യാത്രക്കാർക്കാണ് പരിശോധന നിർബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയത്. രോഗികൾക്കും രോഗ ലക്ഷണങ്ങളുള്ളവർക്കും ക്വാറന്റൈനും വേണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ പാലിക്കേണ്ട കോവിഡ് മാർഗനിർദ്ദേശങ്ങൾ നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു. വിവിധ രാജ്യങ്ങൾ നിന്നെത്തുന്ന യാത്രികരിൽ രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയമാക്കും എന്നായിരുന്നു അറിയിച്ചിരുന്നത്.
വകഭേദം കണ്ടെത്തിയ ശേഷം രോഗബാധിതരെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കാനും മാർഗ നിർദ്ദേശമുണ്ടായിരുന്നു. പുതിയ നിർദേശങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുകയാണ് എന്നും മന്ത്രാലയം അറിയിച്ചു.