വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ആദരമര്‍പ്പിച്ച് ഇന്ന് രാജ്യത്ത് ദേശീയ ദുഃഖാചരണം. പ്രിയ സുഹൃത്തിന്റ ആകസ്മിക മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മരണവാര്‍ത്ത ഞെട്ടിപ്പിച്ചുവെന്നും എത്രമാത്രം ദുഃഖിതനാണ് താനെന്ന് പറയാന്‍ വാക്കുകളില്ലെന്നും മോദി പറഞ്ഞു. ട്വിറ്ററിലെ തന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പടിഞ്ഞാറന്‍ ജപ്പാനിലുള്ള നാര മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് വേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഷിന്‍സോ ആബെയ്ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്. മുന്‍ പ്രധാനമന്ത്രിയുടെ നെഞ്ചില്‍ വെടിയേല്‍ക്കുകയും അദ്ദേഹത്തെ ചോരവാര്‍ന്ന നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഹൃദയാഘാതം കൂടി സംഭവിച്ചതോടെ ആബെയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെയായ അദ്ദേഹം വൈകാതെ മരണത്തിന് കീഴടങ്ങി.
67-കാരനായിരുന്ന ഷിന്‍സോ ആബെ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആബെയ്ക്ക് ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആബെയോടുള്ള ആദരസൂചകമായി ഇന്ന് അമേരിക്കയിലും പതാക താഴ്ത്തി കെട്ടി.