19 -ാമത് എഷ്യന്‍ ഗെയിംസിലെ ഏഴാംദിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡലോടെ തുടക്കം. പത്തുമീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തില്‍ സരബ്‌ജോത് സിംഗ് – ടി.എസ് ദിവ്യ സഖ്യമാണ് ഇന്ത്യയ്ക്ക് വെള്ളിമെഡൽ നേടിത്തന്നത്. അതേസമയം, അത്‌ലറ്റിക്‌സിലും ഇന്ത്യ അക്കൗണ്ട് തുറന്നു.
സ്വർണമെഡലിനായുള്ള പോരാട്ടത്തിൽ ചൈനയുടെ ഷാങ് ബോവൻ – ജിയാങ് റാൻക്സിൻ സഖ്യത്തോടായിരുന്നു ഇന്ത്യന്‍താരങ്ങള്‍ ഏറ്റുമുട്ടിയത്. ശക്തമായ മത്സരത്തില്‍ 14 – 16 ന് ഇന്ത്യന്‍താരങ്ങള്‍ക്ക് സ്വര്‍ണം നഷ്ടമാവുകയായിരുന്നു. അതേസമയം, ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 19 -ാം മെഡലാണിത്. ഇന്ത്യയ്ക്ക് ആകെ 34 മെഡലുകളായി. എട്ട് സ്വർണവും 13 വെള്ളിയും 13 വെങ്കലവും ഇന്ത്യൻതാരങ്ങൾ സ്വന്തമാക്കി. മെഡൽപട്ടികയിൽ ഇന്ത്യ നാലാംസ്ഥാനത്ത് തുടരുകയാണ്.
ഏഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷകളുയർത്തി മലയാളിതാരങ്ങളായ മുരളി ശ്രീശങ്കറും ജിൻസൺ ജോൺസണും ഫൈനലിന് യോഗ്യതനേടി. പുരുഷന്മാരുടെ ലോങ് ജമ്പിലാണ് മലയാളിതാരം മുരളീ ശ്രീശങ്കർ ഫൈനലിൽ കടന്നത്. 1500 മീറ്റർ ഓട്ടമത്സരത്തിൽ ജിൻസൺ ജോൺസണും ഫൈനലിന് യോഗ്യതനേടിയിട്ടുണ്ട്. ലോങ്ജമ്പിൽ ജെസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാർ സരോജും ഇന്ത്യയുടെ മെഡൽപ്രതീക്ഷകളാണ്.