Friday, April 4, 2025

സൂര്യകുമാറിന്റെ മികവിൽ ടി20 പരമ്പര ഇന്ത്യക്ക് സ്വന്തം

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് വെടിക്കെട്ടിൽ ഇന്ത്യക്ക് ടി20 പരമ്പര സ്വന്തം. രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ വൻ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ആദ്യ മൂന്ന് റണ്ണിനിടെ ആദ്യ വിക്കറ്റ് നഷ്‌ടമായ ഇന്ത്യ സൂര്യയുടെ അതിവേഗ സെഞ്ച്വറിയുടെ മികവിലാണ് പരമ്പര സ്വന്തമാക്കിയത്.
20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228 റൺ ഇന്ത്യൻ ബാറ്റിസ്മാന്മാർ അടിച്ചുകൂട്ടി.

51 പന്തില്‍ നിന്നും 7 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 112 റണ്‍സുമായിട്ടാണ് ലങ്കൻ ബോളർമാർക്ക് മുൻപിൽ സൂര്യകുമാർ താണ്ടവ നൃത്തം ആടിയത്. രാജ്‌കോട്ട് സ്റ്റേഡിയത്തിലെ എല്ലാ ഭാഗത്തേക്കും സൂര്യകുമാർ ഷോട്ടുകൾ പായിച്ചാണ് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയത്. രണ്ടാം മത്സരത്തിൽ പരാജയത്തിന് ശേഷമാണു ഇന്ത്യൻ ടീമിന്റെ മുന്നേറ്റം.

അതേസമയം ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 14ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.
ജനുവരി 15ന് ആണ് മത്സരം.

Latest News