കര, വ്യോമ, കടൽ മേഖലകളിലെ എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കാൻ പാക്കിസ്ഥാനുമായി ധാരണയിലെത്തിയതായി ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് 5 മണി മുതൽ എല്ലാ സേനാ നടപടികളെല്ലാം നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്. വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്നു പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു.
“ഈ ധാരണ പ്രാബല്യത്തിൽ വരുത്തുന്നതിന് ഇരുവശത്തും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മെയ് 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ചർച്ച നടത്തും,” എന്ന് മിസ്രി അറിയിച്ചു. ആണവായുധങ്ങളുള്ള രണ്ട് അയൽക്കാർ തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
ഇന്ത്യ– പാക്കിസ്ഥാൻ വെടിനിർത്തലിനു ധാരണയായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെ പ്രഖ്യാപനം. രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകളെത്തുടർന്നാണ് തീരുമാനമെന്നും ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് കുറിപ്പിൽ പറഞ്ഞിരുന്നു.