നവരാത്രിയോടനുബന്ധിച്ച് ഇന്ത്യ – പാക്കിസ്താൻ ഏകദിന ലോകകപ്പ് മത്സരം ഒരു ദിവസം നേരത്തെ നടത്തും. മത്സരതീയതി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്താനും ഐസിസിയും തമ്മിൽ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. നവംബർ 19 നാണ് ലോകകപ്പിലെ കലാശപ്പോരാട്ടം.
ഒക്ടോബർ അഞ്ചിനാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ന്യൂസിലാൻഡും തമ്മിലാണ് ആദ്യ മത്സരം. ഒക്ടോബർ 15 നാണ് ഇന്ത്യ- പാക് മത്സരം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നവരാത്രി ആയതിനാല്‍ മത്സരം ഒരു ദിവസം നേരത്തെ നടത്തണം എന്ന് അതിഥേയരായ ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്താനും ഐ സി സിയും തമ്മില്‍ ചര്‍ച്ചയിലൂടെ ധാരണയിലെത്തുകയായിരുന്നു.
മത്സരക്രമം മാറ്റുമ്പോൾ ഒക്ടടോബർ 12 നു നിശ്ചയിച്ചിരുന്ന ശ്രീലങ്ക പാക്കിസ്താൻ മത്സരം 10-ാം തീയതി നടത്തുമെന്നാണ് വിവരം. മറ്റു ടീമുകളുടെ മത്സരങ്ങളെ ബാധിക്കാത്ത രീതിയിൽ തീയതി പ്രഖ്യാപിക്കാനാണ് ഐ സി സി നീക്കം. 10 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. പുതുക്കിയ മത്സരക്രമം ഉടൻ തന്നെ ഐ സി സി പുറത്തുവിടും.